തിരുവമ്പാടി : അച്ഛനമ്മമാരുടെ അകാല മരണങ്ങളെ തുടർന്ന് അനാഥരായ ആറ്ആദിവാസി പെൺകുട്ടികളെ മാറ്റിപ്പാർപ്പിക്കാൻ ബാലാവകാശ കമ്മിഷൻ നിർദേശം പുറപ്പെടുവിക്കാൻ നിമിത്തമായത് ആ കുഞ്ഞു ചോദ്യമായിരുന്നു.

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ചൈൽഡ് ലൈനുമായി ചേർന്ന് നടത്തിയ ഓപ്പൺ ഫോറത്തിലാണ് കുട്ടികൾ ചുറ്റുവട്ടത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ആഴ്ച നടന്ന ഓൺലൈൻ ഓപ്പൺ ഫോറത്തിലാണ് പരിസരവാസിയായ വിദ്യാർഥിനി കോളനിയിലെ പ്രശ്നങ്ങൾ ഉന്നയിച്ചത്.

തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ ഓടപ്പൊയിൽ കോളനിയിലെ ആദിവാസി കുട്ടികളെയാണ് കെയർ ഹോമിന്റെ സംരക്ഷണത്തിൽ മാറ്റിപ്പാർപ്പിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവായിരിക്കുന്നത്. ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിക്കഴിഞ്ഞു.

രണ്ട് ദമ്പതിമാരുടെ അകാല നിര്യാണത്തെ തുടർന്നാണ് കുട്ടികൾ അനാഥരായത്. ആനക്കാംപൊയിൽ സെയ്ന്റ് മേരീസ് യു.പി. സ്കൂളിലും ഈങ്ങാപ്പുഴ ട്രൈബൽ ഹോസ്റ്റലിലുമാണ് ഇവർ പഠിക്കുന്നത്.

മൊത്തം പത്ത് കുടുംബങ്ങളിലായി 36 അംഗങ്ങളാണ് കോളനി അന്തേവാസികളായുള്ളത്. വീടുകൾ ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഉണ്ടെങ്കിലും ജീവിതനിലവാരം ഉയരുന്നില്ല.

ഇവരുടെ ശരാശരി ആയുർ ദൈർഘ്യം 40 ആണെന്നത് ഗൗരവ പഠനം അർഹിക്കുന്നതാണ്. പോഷകാഹാരക്കുറവ് കാരണമുള്ള അസുഖങ്ങളുടെ പിടിയിലാണ് ഏറെപേരും. പലരും നിത്യരോഗികൾ.

മദ്യപാനത്തിന് അടിമകളാണ് ചിലർ. കോവിഡ് മഹാമാരി തീർത്ത തൊഴിൽ പ്രതിസന്ധി ഇവരെയും തെല്ലൊന്നുമല്ല ബാധിച്ചത്. കൃഷിയിടങ്ങളിലെ പണികൾ വല്ലപ്പോഴുമാണ് ഇവരെ തേടിയെത്തുന്നത്.

Content highlights :World day against child labour 2021 mathrubhumi seed childline open forum