ത്ര വര്‍ഷത്തെ ജീവിതത്തിനിടയില്‍ നിങ്ങള്‍ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടാകും ? പെട്ടെന്ന് പറയാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും അല്ലേ ? എന്നാല്‍ ഫെലിക്‌സ് എന്ന നായ സന്ദര്‍ശിച്ച രാജ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ്. 32 രാജ്യങ്ങളാണ് ഈ നായ ഇതുവരെ സന്ദര്‍ശിച്ചത്. രാജ്യങ്ങളുടെ പേരും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍വെച്ച് എടുത്ത ചിത്രങ്ങളും ഉള്‍പ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. വീഡിയോയില്‍ ഫെലിക്‌സിന്റെ ഉടമസ്ഥരായ ദമ്പതികള്‍ പായ്ക്ക് ചെയ്ത ബാഗുകളുമായി നായക്കൊപ്പം നില്‍ക്കുന്നത് കാണാം. 

തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫെലിക്‌സിന്റെ ചിത്രങ്ങള്‍ വീഡിയോയില്‍ വരുന്നു. ജര്‍മ്മനിയിലെ ജൂലിയ-സ്വെന്‍ ദമ്പതികളാണ് തങ്ങളുടെ യാത്രാഭ്രാന്തിനെ വളരെ വ്യത്യസ്തമായ രീതിയില്‍ ഉപയോഗപ്പെടുത്തിയത്. ഒരിക്കല്‍ യാത്ര ചെയ്യാനുള്ള ആഗ്രഹത്തെ അവര്‍ വളരെ ഗൗരവത്തിലെടുക്കുകയും ഫെലിക്‌സിനെയും കൂട്ടി പോളണ്ടിലേക്ക് ആദ്യയാത്ര നടത്തുകയും ചെയ്തു. അവിടെ നിന്നാണ് ഫെലിക്‌സിന്റെ വിശ്രമമില്ലാത്ത യാത്രാജീവിതത്തിന് തുടക്കമാകുന്നത്. 

മുമ്പും ഫെലിക്‌സ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 20ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു അത്. ഇന്‍സ്റ്റഗ്രാമിലും സൂപ്പര്‍സ്റ്റാര്‍ ആണ് ഈ നായ. അമ്പതിനായിരത്തിലധികം ഫോളേവേഴ്‌സ് ഉണ്ട് ഫെലിക്‌സിന്. ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഗ്രീസ്, ഹംഗറി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്‌പെയിന്‍, യു.കെ., ഓസ്ട്രിയ, പോളണ്ട്, റൊമാനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ച് കഴിഞ്ഞു ഫെലിക്‌സ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് രസകരമായ ധാരാളം കമന്റുകളാണ് വരുന്നത്. 'ഫെലിക്‌സ് എന്നേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ട്' എന്നാണ് ഒരു ഉപയോക്താവിന്റെ കമന്റ്.

Content highlights : viral video of a dog named felix visiting 32 countries around the world