ആദികൃഷ്ണൻ
ട്രാസൈറടോപ്സ്, ആലോസോറസ്, ആങ്കിലോസോറസ്, ബാരിയോണിക്സ്, ബ്രാക്കിയോസോറസ്, മോസിസോറസ്, സ്റ്റെഗോസോറസ് എന്നിങ്ങിനെയുള്ള കടുക്കട്ടി വാക്കുകള്‍ ഒരു രണ്ടാം ക്ലാസുകാരന്റെ നാവില്‍ നിന്നുകേട്ടാല്‍ ചെറിയൊരു ഞെട്ടലൊക്കെയുണ്ടായേക്കാം. ഇതൊക്കെ എന്താണെന്ന സംശയവും ചിലര്‍ക്കെങ്കിലും വന്നേക്കാം. ഭൂമിയിലുണ്ടായിരുന്നെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം ദിനോസറുകളുടെ പേരുകളാണിത്. സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ ജൂറാസിക് പാര്‍ക്കും അതിലെ ടൈറാനോസോറസ് റെക്സ് (ടി റെക്സ്) എന്ന ദിനോസറിനെ മാത്രം അറിയുന്നവര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് രണ്ടാം ക്ലാസുകാരനായ ആദികൃഷ്ണന്‍.
ഇരുന്നൂറിലധികം ദിനോസറുകളുടെ പേരും അതിന്റെ സകലമാന കാര്യങ്ങളും ഇഷ്ടപ്പെട്ട് മനപാഠമാക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍. ദിനോസറുകളുടെ പേരും അവയുടെ മറ്റ് സവിശേഷതകളും പോരാത്തതിന് അവ ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് അവയുടെ ഫോസിലുകള്‍ കണ്ടെത്തിയെന്നതടക്കമുള്ള വിവരങ്ങള്‍ പറഞ്ഞു റെക്കോര്‍ഡുകള്‍ നേടിയിരിക്കുകയാണ് ആദി. കലാം വേള്‍ഡ് റെക്കോര്‍ഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിങ്ങിനെയുള്ള റെക്കോര്‍ഡുകളാണ് ആദിക്കുള്ളത്.
കൊറെ ദിനോസറിനെ കണ്ടെത്തണം, പാലിയന്റോളജിസ്റ്റാകണം
ദിനോസറുകളോടുള്ള ഇഷ്ടം കാരണം പഠിച്ച് വലുതാകുമ്പോ പാലിയന്റോളജിസ്റ്റ് ആകാനാണ് ആദിക്കിഷ്ടം. അതാകുമ്പോള്‍ പുതിയ ഫോസിലുകള്‍ കണ്ടെത്താമല്ലോ, ലൈഫില്‍ പിന്നെ മുഴുവന്‍ ദിനോസറുകളും ആയിരിക്കുമെന്നെല്ലാം ആണ് ആദിയുടെ ചിന്തകള്‍. സ്‌കൂള്‍ പഠനം ആരംഭിച്ചതുമുതല്‍ ശാസ്ത്രാധിഷ്ഠിത പരിപാടികളോട് ആദിക്ക് താത്പര്യമുണ്ടായിരുന്നു. ഡിസ്‌കവറി ചാനലും നാഷനല്‍ ജ്യോഗ്രഫിക് ചാനലുമായിരുന്നു ആദിയുടെ ഫേവ്റിറ്റ്. ബഹിരാകാശവും ശാസ്ത്രകൗതുകങ്ങളുമായിരുന്നു ആദിയുടെ ആദ്യകാല ഇഷ്ടങ്ങള്‍. അവിടെ നിന്ന് ദിനോസറുകളിലേക്ക് എത്തിയത് എപ്പോഴാണെന്ന് കൃത്യമായി ഐഡിയ ഇല്ലെന്ന് അമ്മ വിജിത പറയുന്നു. ദിനോസറുകളെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍, ജുറാസിക് പാര്‍ക്ക് പോലുള്ള സിനിമകള്‍, വിവിധ വെബ് സീരീസുകള്‍ എന്നിവയെല്ലാം ആദിയുടെ ഫേവ്റിറ്റ് ലിസ്റ്റില്‍ ഇടം നേടി. അങ്ങനെയാണ് ദിനോസറുകളെക്കുറിച്ചുള്ള ഒരു എന്‍സൈക്ലോപീഡിയ വാങ്ങി നല്‍കിയത്. എന്‍സൈക്ലോപീഡിയയും യുട്യൂബ് വീഡിയോസും എല്ലാം വായിച്ചും കണ്ടുമാണ് ആദി കൂടുതല്‍ ദിനോസറുകളിലേക്ക് എത്തിയത്. ഇപ്പോള്‍ ബര്‍ത്ത്ഡേ കേക്കില്‍ വരെ ദിനോസറുണ്ടെങ്കില്‍ ആദി ഡബിള്‍ ഹാപ്പിയാണെന്നും വിജിത പറഞ്ഞു.
ദിനോസറുകളെ കൂടാതെ മറ്റ് പ്രാചീന ജീവികളും ആദിയുടെ ഇഷ്ടലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ച് ഇടയ്ക്കിടെ വിഡിയോകളും അപ്ലോഡ് ചെയ്യുന്നുണ്ട്. ദിനോസറുകളോടാണ് കൂടുതല്‍ ഇഷ്ടമെങ്കിലും പഠനത്തിലും മിടുക്കനാണ് ആദി. കഴിഞ്ഞ അധ്യയനവര്‍ഷം സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായിരുന്നു. കൂടാതെ സ്പെല്ലിങ് ബീ മത്സരത്തില്‍ ദേശീയതലത്തില്‍ 25-ാം സ്ഥാനവും സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും തന്റെ പേരിലാക്കിയിട്ടുണ്ട്.
കാക്കനാട് ഭാവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ആദികൃഷ്ണന്‍ വി.ഭരത്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഐ.ടി. കമ്പനിയായ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസില്‍ ജീവനക്കാരായ ഭരത് രാജന്റെയും വിജിത പ്രസാദിന്റെയും മകനാണ് ആദികൃഷ്ണന്‍. ലോക്ക്ഡൗണായതിനാല്‍ ഇപ്പോള്‍ കോട്ടയത്തെ വീട്ടിലാണ് ആദി അച്ഛനമ്മമാര്‍ക്കും കുഞ്ഞനജുന്‍ അദ്വിത്കൃഷ്ണനുമൊപ്പം താമസിക്കുന്നത്.
Content highlights : two year old aadhi interested to know dinosaur things and achieve records
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..