ഴയന്നൂര്‍: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കടിഞ്ഞാണിടാനായി ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് പഴയന്നൂര്‍ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായ എം.എച്ച്. അഭിറാമും ഹബീബ് അഹമ്മദും. ദേശീയതലത്തില്‍ അടല്‍ ഇന്നവേഷന്‍ മിഷന്‍ നടത്തിയ 'മാരത്തോണ്‍ -2020' മത്സരത്തില്‍ ആല്‍ക്കഹോള്‍ സെന്‍സറിങ് കാര്‍ പ്രോജക്ട് അവതരിപ്പിച്ച് മികവ് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്മാര്‍. അഭിറാം ഏഴാംക്ലാസിലും ഹബീബ് പത്താംക്ലാസിലുമാണ്. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്തവിധത്തിലുള്ള സാങ്കേതികവിദ്യയാണ് ഇരുവരും വികസിപ്പിച്ചത്.

സെന്‍സര്‍, മോട്ടോര്‍, ബസര്‍ തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ചാണ് നിര്‍മിതി. ആല്‍ക്കഹോള്‍ ഡിറ്റക്ട് ചെയ്താലുടന്‍ എന്‍ജിന്‍ ഓഫാകും. ഉടനെ ലോങ് ബീപ് ശബ്ദമുയരും. വിദ്യാര്‍ഥികളില്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ അഭിരുചിയും അവസരങ്ങളും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനംചെയ്തതാണ് അടല്‍ ഇന്നവേഷന്‍ മിഷന്‍. പഴയന്നൂര്‍ ഹൈസ്‌കൂളിലെ അടല്‍ ടിങ്കറിങ് ലാബ് വഴിയാണ് ഇരുവരുടെയും പരിശീലനം.

Content highlights : two school students developed alcochol censoring device