കോഴിക്കോട്: ''ഹായ് ഗായ്സ്.... വെൽക്കം ടു മൈ യൂട്യൂബ് ചാനൽ'' എന്നുപറഞ്ഞതും മൂന്നരവയസ്സുകാരി ചെന്നുവീണത് നിലംതുടച്ച വെള്ളംനിറഞ്ഞ ബക്കറ്റിലേക്ക്. ഒരേസമയം, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ആറുസെക്കൻഡുള്ള വീഡിയോ കണ്ടത് ഒന്നരക്കോടിയിലേറെ ആളുകൾ.

കുറ്റ്യാടി നരിക്കൂട്ടുംചാൽ നാരോള്ളതിൽ നസീറിന്റെ മകൾ ഹൻഫ ഫാത്തിമയാണ് സ്വന്തമായി വീഡിയോ എടുത്ത് സാമൂഹികമാധ്യമങ്ങളിൽ താരമായത്. രണ്ടാഴ്ചമുമ്പ് ചേച്ചി വീടിന്റെ നിലംതുടയ്ക്കുന്നതിനിടയിലാണ് ഹൻഫ വീഡിയോ ഷൂട്ടുചെയ്തത്. യൂട്യൂബ് ചാനലിലെപോലെ ഷൂട്ടുചെയ്യുന്നതിനായി 'ഇൻട്രോ' പറയുന്നതിനിടെ പിറകോട്ടുപോയപ്പോഴാണ് അബദ്ധത്തിൽ ബക്കറ്റിൽ വീണത്. പേടിച്ചുപോയ കുഞ്ഞ് ഉറക്കെ കരയുന്നതുകേട്ട് എല്ലാവരും ഓടിയെത്തി. കുട്ടിക്ക് പരിക്കൊന്നും പറ്റിയില്ല.

പിന്നീട് മൂന്നുദിവസത്തിനുശേഷമാണ് ചേച്ചി ഹസ്ന ഫോണിൽ ഹൻഫ ചിത്രീകരിച്ച വീഡിയോ കണ്ടത്. വീഡിയോയിലെ ചിരി പടർത്തുന്ന ഭാഗം സുഹൃത്തിന് വാട്സാപ്പ് വഴി അയച്ചുകൊടുത്തു.

അത് പ്രദേശമാകെ വൈറലായി. പലരും വാട്സാപ്പ് സ്റ്റാറ്റസായി ഷെയർ ചെയ്തു. കഴിഞ്ഞയാഴ്ച ഒരു ദേശീയമാധ്യമം ഹൻഫയുടെ ആറുസെക്കൻഡ് വീഡിയോ സാമൂഹികമാധ്യമമായ 'ഇൻസ്റ്റഗ്രാമി'ൽ റീൽസായി ഇട്ടതോടെയാണ് ദശലക്ഷക്കണക്കിനാളുകൾ കണ്ടത്. 10 ലക്ഷം ലൈക്കും 5500-ലധികം കമന്റും വീഡിയോയ്ക്ക് ലഭിച്ചു. 'കുഞ്ഞിന് അപകടം പറ്റിയില്ലെന്ന് കരുതുന്നു' എന്ന കമന്റുകൾക്കൊപ്പം ഭാവിയിലെ യൂട്യൂബർക്ക് ആശംസയും നേരുന്നുണ്ട് പ്രേക്ഷകർ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by India Today (@indiatoday)

ഹൻഫ ആൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചവരുമുണ്ട്. എന്നാൽ, ഇൻസ്റ്റഗ്രാമോ സ്വന്തമായി യൂട്യൂബ് ചാനലോ ഇല്ലാത്ത ഹൻഫയുടെ കുടുംബം സുഹൃത്തുക്കൾ പറഞ്ഞാണ് വീഡിയോ വൈറലായ കഥയറിഞ്ഞത്. ബക്കറ്റുവെള്ളത്തിൽ വീണെങ്കിലും വീഡിയോ എടുക്കുന്നതിൽനിന്ന് പിന്മാറിയിട്ടൊന്നുമില്ല ഈ കുസൃതിക്കാരി. യൂട്യൂബ് കണ്ട് പുതിയ വീഡിയോകളുണ്ടാക്കുന്ന തിരക്കിലാണ് ഹൻഫയെന്ന് വീട്ടുകാർ പറയുന്നു.

Content highlights :three year old girl hanfa fathima hilarious viral video