മാനന്തവാടി: അമ്മമടിയിലിരുന്ന് അക്ഷരങ്ങളോട് കൂട്ടുകൂടുക, കഥകൾ, കളികൾ, കവിതകൾ അങ്ങനെ കുഞ്ഞുങ്ങളുടെ ലോകം കളറാക്കുകയാണ് പൂക്കോട് മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ് യൂണിറ്റ്. 'അമ്മമടിയിലെ കുഞ്ഞുവായന'- പേരുപോലെ ലാളിത്യമുള്ളതാണ് ആദിവാസി കോളനികളിൽ നടപ്പാക്കുന്ന പദ്ധതി. ഓരോ കോളനിയിലേയും കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചുനൽകി അവരെ വായനയുടെ ലോകത്തേക്ക് അടുപ്പിക്കുന്നതാണ് പദ്ധതി. അക്ഷരങ്ങൾ പഠിച്ചുതുടങ്ങുന്ന കുട്ടികൾക്ക് അത്തരത്തിലുള്ള പുസ്തകങ്ങൾ, ബാലസാഹിത്യ കൃതികൾ എന്നിങ്ങനെ ഓരോ പ്രായക്കാർക്കുമുതകുന്ന പുസ്തകങ്ങളാണ് നൽകുന്നത്. വായനയ്ക്കുശേഷം പരസ്പരം കൈമാറി എല്ലാ പുസ്തകവും എല്ലാവരും വായിച്ചതിനുശേഷം അടുത്ത കോളനിയിലേക്ക് കൈമാറും. പൂക്കോട് പ്രിയദർശിനി കോളനി, കാട്ടിക്കുളം എട്ടേക്കർ കോളനി, അപ്പപ്പാറ ആക്കൊല്ലിക്കുന്ന് കോളനി, തിരുനെല്ലി ഗുണ്ടികപറമ്പ് കോളനി എന്നിവിടങ്ങളിൽ ഇതുവരെ പുസ്തകങ്ങൾ നൽകി.

ഒരു കഥ പറയാം

പാഠപുസ്തകത്തിനതീതമായി വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കഥ പറയാം എന്നപേരിൽ സ്കൂളിന് സമീപത്തെ പ്രിയദർശിനി കോളനിയിൽ തുടങ്ങിയ പരിപാടിയാണ് അമ്മമടിയിൽ കുഞ്ഞുവായന എന്ന പേരിൽ വിപുലീകരിച്ചത്. ഈ വർഷത്തെ വായനവാരാചരണത്തിലാണ് അമ്മമടിയിൽ കുഞ്ഞു വായന തുടങ്ങിയത്. പദ്ധതിയുടെ വിജയത്തിനായി കോളനികളിലെ വിദ്യാസമ്പന്നരായ യുവജനങ്ങളുടെയും ട്രൈബൽ പ്രൊമോട്ടർമാരുടെയും സഹായവും തേടിയിട്ടുണ്ട്.

പ്രധാനാധ്യാപകൻ സി.കെ. ആത്മാറാം, എസ്.പി.സി.യുടെ ചുമതല വഹിക്കുന്ന അധ്യാപകരായ അമ്പിളി എസ്. വാരിയർ, പി.ടി. നിയാസ്, പോലീസ് ഓഫീസർ കെ.കെ. വിപിൻ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. രക്ഷിതാക്കളിൽ നിന്നും വിദ്യാർഥികളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ കോളനികളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്നും പ്രധാനാധ്യാപകൻ സി.കെ. ആത്മാറാം പറഞ്ഞു.

Content highlights :students police cadet unit implement reading habit project in tribal colonies