
വര: ദ്വിജിത്ത്
കലഞ്ഞൂര്‍ (പത്തനംതിട്ട): ''ടീച്ചറേ വയറ് വേദനിക്കുന്നു. വിശന്നിട്ടാണ്, ഇന്നലെയും ഇന്നും ഒന്നും കഴിച്ചിട്ടില്ല'' -ഓണ്‍ലൈന്‍ ക്ലാസില്‍ കയറാതിരുന്ന നാലാം ക്ലാസുകാരന് പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ശനിയാഴ്ച രാവിലെ വിളിച്ച കലഞ്ഞൂര്‍ ഗവ. എല്‍.പി. സ്കൂളിലെ കെ.പി. ബിനിത ടീച്ചര്‍ കേട്ട വാക്കുകളാണിത്. ടീച്ചര്‍ വിവരം പ്രഥമാധ്യാപകന് അനില്‍ അക്ഷരശ്രീയെ വിളിച്ചുപറഞ്ഞു.
കുട്ടിയെ അനിലും വിളിച്ചു. എന്തെങ്കിലും കഴിച്ചോയെന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടികിട്ടി. വിഷമിക്കേണ്ട, അങ്ങോട്ടുവരുകയാണെന്ന് പ്രഥമാധ്യാപകന് പറഞ്ഞപ്പോള്‍ കുട്ടിയുടെ മറുപടിയിങ്ങനെ: ''എന്തെങ്കിലും കഴിക്കാന്കൊണ്ടുവരണേ''.
വീട്ടിലെത്തിയപ്പോള്‍...
പി.ടി.എ. പ്രസിഡന്റ് രാജേഷ് മോനൊപ്പം അരമണിക്കൂറിനകം അനില്‍ അക്ഷരശ്രീ കുട്ടികള്‍ താമസിക്കുന്ന വാടകവീട്ടിലെത്തി. അവിടെയെത്തിയപ്പോഴാണ് മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്ക്കൊപ്പമാണ് കുഞ്ഞുങ്ങള്‍ താമസിക്കുന്നതെന്നറിഞ്ഞത്. കൊണ്ടുവന്ന ഭക്ഷണം കുട്ടികള്‍ക്ക് നല്കാന് അമ്മ സമ്മതിച്ചില്ല.
അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി, കുട്ടികള്‍ക്ക് ഭക്ഷണം നല്കി. ഇതിനിടയില്‍ പഞ്ചായത്തംഗത്തെയും സ്കൂളധികൃതര്‍ വിളിച്ചുവരുത്തി. കലഞ്ഞൂര്‍ കൊട്ടന്തറയില് വീടുള്ള ഈ അമ്മയും നാലാംക്ലാസിലുള്ള മകനും ഒന്നാംക്ലാസുകാരിയായ മകളും രണ്ടാഴ്ചയായി ഇടത്തറ സ്കൂളിനുസമീപമാണ് വാടകയ്ക്ക് താമസിക്കുന്നത്.
കുട്ടികളുടെ വാക്കുകളിലൂടെ...
''അമ്മയ്ക്ക് വയ്യാ. ഇന്നലെമുതല്‍ ഒന്നും കഴിക്കാനില്ലായിരുന്നു. കഴിഞ്ഞ ദിവസമൊക്കെ രണ്ടും മൂന്നും ദിവസമായ ചോറാണ് കഴിച്ചത്. അത് കഴിച്ചപ്പോള്‍ത്തന്നെ ഛര്‍ദിച്ചു. അമ്മയും വല്ലപ്പോഴുമേ കഴിക്കൂ. വിശക്കുമ്പോള്‍ അമ്മ അരി വാരിത്തിന്നും. അച്ഛന് കണ്ണൂരില്‍ പണിക്കുപോയതാണ്. ഒന്നരമാസമായി വന്നിട്ട്. അമ്മ മരുന്നുകഴിക്കാറേയില്ല''.
അമ്മൂമ്മ പറഞ്ഞത്
തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍, മാനസികാസ്വാസ്ഥ്യത്തിന് മകള്‍ ചികിത്സയിലായിരുന്നു. കുറെനാളായി മരുന്നുകഴിക്കാറില്ല. വീട്ടില്‍ വഴക്കുണ്ടാക്കിയിട്ടാണ് മാറി വാടകയ്ക്ക് താമസിച്ചത്.
പിന്നീട് നടന്നത്
കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തംഗം എസ്. ബിന്ദുവിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ അമ്മയെയും കുട്ടികളെയും കൂടല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. കോവിഡ് പരിശോധനയ്ക്കുശേഷം കൂടല്‍ പോലീസ് സ്റ്റേഷനില്‍നിന്നുള്ള കത്തുമായി അമ്മയെയും മക്കളെയും പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് താത്കാലികമായി മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..