കോഴിക്കോട് : വാക്കുകൾ കൂട്ടിച്ചൊല്ലുന്ന പ്രായമാകുംമുമ്പെ അസാധാരണ ഗ്രാഹ്യശേഷി പ്രകടിപ്പിച്ച് ശ്രീഹാൻ റെക്കോഡ് നേട്ടങ്ങൾക്ക് ഉടമയായി. ഖത്തറിൽ ബിസിനസുകാരനായ തൂണേരിയിലെ നെല്ല്യേരിത്താഴെക്കുനിയിൽ അജേഷിന്റെയും കാവുന്തറയിലെ ഐ.പി. മനീജയുടെയും മകനായ ശ്രീഹാൻ ദേവ് രണ്ടര വയസ്സിനുള്ളിലാണ് ദേശീയ, അന്തർദേശീയ നേട്ടങ്ങൾ കൈവരിച്ചത്. രണ്ടുവയസ്സും മൂന്നുമാസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് നേടിയത്. ഒരുമാസം പിന്നിട്ടപ്പോൾ കലാം വേൾഡ് റെക്കോഡും കരസ്ഥമാക്കി. വീണ്ടും ഒരുമാസം പിന്നിട്ടപ്പോൾ കഴിഞ്ഞ ദിവസം മറ്റൊരു അന്താരാഷ്ട്ര റെക്കോഡും നേടി. പ്രായത്തിൽ കവിഞ്ഞ ഗ്രാഹ്യശേഷി പ്രകടിപ്പിച്ചാണ് ശ്രീഹാൻ റൊക്കോഡുകൾക്ക് ഉടമയായത്.

22 പ്രശസ്ത വ്യക്തികൾ, 21 ലോഗോകൾ, ഒമ്പത് ഗ്രഹങ്ങൾ, 16 പക്ഷികൾ, 15 പഴവർഗങ്ങൾ, മനുഷ്യശരീരത്തിലെ 18 അവയവങ്ങൾ, 21 പച്ചക്കറികൾ, 26 വാഹനങ്ങൾ, 14 പ്രവൃത്തികൾ എന്നിവയെ തിരിച്ചറിഞ്ഞ് ഇംഗ്ലീഷിൽ മറുപടി നൽകിയും ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ 50 വാക്കുകൾ പറഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയത്. ഇപ്പോൾ ഇവയുടെ ഇരട്ടി ശേഷി കൈവരിച്ചിരിക്കയാണ് ശ്രീഹാൻ.

ഒരിക്കൽ കേട്ടത് മറക്കുന്നില്ല എന്നത് മനസ്സിലാക്കിയ അമ്മയാണ് കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞത്. ശേഷി ഉയർന്നതോടെ എല്ലാം ചിത്രീകരിച്ച് ബുക്ക് ഓഫ് റെക്കോർഡുകൾക്ക് അയച്ചുകൊടുത്തു. കുട്ടിയുടെ ശേഷികൾ വിലയിരുത്തിയാണ് അധികൃതർ റെക്കോഡ് നിർണയിച്ചത്.

Content highlights :sreehan two and half age express extra ordinary comprehension skills and get world records