ലപ്പുഴ: കണക്കിനോടു കൂട്ടുകൂടി ആലപ്പുഴ സ്വദേശികളായ സഹോദരിമാര്‍ ചരിത്രംകുറിച്ചു. കോട്ടയം കേന്ദ്രീയ വിദ്യാലയത്തില്‍ പത്താംക്ലാസ് പൂര്‍ത്തിയാക്കിയ നന്ദിതയും ഏഴാംക്ലാസില്‍ പഠിക്കുന്ന നിവേദിതയുമാണ് ഈ മിടുക്കികള്‍. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തെ മടുപ്പകറ്റാനും കൂട്ടുകാരുമായി സംവദിക്കാനുമായി ഇവര്‍ തുടങ്ങിയ വേദഗണിതം പരിപാടി വന്‍വിജയമായത് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സി.ബി.എസ്.ഇ അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.എ.വി.എമ്മിന്റെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വേദിക് മാത്തമാറ്റിക്‌സ്) അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേക്ക് ഇരുവര്‍ക്കും ക്ഷണം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ശില്പശാലയില്‍ ക്ലാസെടുക്കുകയും ചെയ്തു. ലോക്ഡൗണ്‍ കാലത്തെ ഇവരുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പ്രചോദനം നല്‍കുന്നുവെന്നും ഇവരുടെ സാമൂഹിക പ്രതിബദ്ധത ഏവര്‍ക്കും മാതൃകയാണെന്നും ഐ.എ.വി.എം ചെയര്‍മാന്‍ ജെയിംസ് ഗ്ലോവര്‍ അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച കേന്ദ്രീയ വിദ്യാലയം ഓണ്‍ലൈനായി സംഘടിപ്പിച്ച അനുമോദനയോഗത്തില്‍ കേന്ദ്രീയവിദ്യാലയ ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. സെന്തില്‍ കുമാര്‍, അസി.കമ്മിഷണര്‍ സന്തോഷ് കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജോസഫ്, അധ്യാപരുടെ പ്രതിനിധി ഷര്‍മിള എ. എന്നിവര്‍ സംസാരിച്ചു. ഗണിതശാസ്ത്ര പരിശീലകനായ തണ്ണീര്‍മുക്കം വൈശാഖില്‍ പി. ദേവരാജിന്റെയും കംപ്യൂട്ടര്‍ പ്രോഗ്രാമറായ പി.എസ്. ധന്യയുടെയും മക്കളാണ്.

Content highlights : sisters in alappuzha presenting creative mathematical programmes and invites IAVM