ലപ്പുറം: പ്ലസ്ടു ക്ലാസിലിരുന്ന് പേന കറക്കിക്കളിക്കുമ്പോൾ സിനാൻ അറിഞ്ഞിരുന്നില്ല അതൊരു ഗിന്നസ് റെക്കോഡിന്റെ തുടക്കമാണെന്ന്. ഒരുമിനിറ്റിൽ 108 തവണ വിരൽത്തുമ്പിൽ പേന കറക്കി ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയണിപ്പോൾ കെ.കെ. മുഹമ്മദ് സിനാൻ. മിനിറ്റിൽ 88 തവണയെന്ന കാനഡക്കാരൻ അലേഷ്യ മോട്ടോയുടെ റെക്കോഡാണ് ഈ പത്തൊമ്പതുകാരൻ തകർത്തത്. നേരത്തേ ഇന്ത്യ ബുക്സ് ഓഫ് റെക്കോഡിൽ ഇടംനേടിയ സിനാൻ നിരന്തരപരിശ്രമത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ലോക്ഡൗണിൽ ഗിന്നസ് റെക്കോഡുകളുടെ യൂട്യൂബ് വീഡിയോകൾ കാണുന്നതിനിടെയാണ് പേനകറക്കലിന്റെ 'ആഗോളസാധ്യത' സിനാന്റെ കണ്ണിൽപ്പെട്ടത്. പിന്നെ കറക്കലിന് ആക്കംകൂട്ടി. റെക്കോർഡിനോട് അടുക്കുമെന്നായപ്പോൾ അപേക്ഷ അയച്ചു. മൂന്നുമാസത്തെ കാത്തിരിപ്പ്. ഇതിനിടെ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഗിന്നസ് അധികൃതർക്ക് പേനകറക്കലിന്റെ ഔദ്യോഗിക വീഡിയോ നിർമിച്ച് അയച്ചു. അധികം വൈകിയില്ല, സിനാനെത്തേടി ലോകറെക്കോഡെത്തി.

സ്വന്തം റെക്കോഡ് തകർത്ത് വീണ്ടും നേട്ടംകൊയ്യാനുള്ള പരിശ്രമത്തിലാണ് ബി.സി.എ. ഒന്നാംവർഷ വിദ്യാർഥിയായ സിനാൻ. ഇതിനുപുറമെ ടെന്നീസിലും ചിത്രകലയിലും പ്രാഗല്ഭ്യംതെളിയിച്ചു. വേങ്ങര സ്വദേശി നൗഷാദ് അലിയും ഭാര്യ ലൈലാബിയും മകന്റെ കുസൃതി കാര്യമായതിന്റെ സന്തോഷത്തിലാണ്. സിനാന്റെ നേട്ടങ്ങൾകണ്ട് ഇരട്ടസഹോദരങ്ങളായ മുഹമ്മദ് സഫ്വാനും മുഹമ്മദ് സുഫിയാനും പേന കറക്കിത്തുടങ്ങിയിട്ടുണ്ട്.

Content highlights :sinan achieve guiness world record in pen spinning