ഷാരോണിന്റെ ചിന്തയില്‍ വിരിഞ്ഞ 'സ്മാര്‍ട്ട് ഇന്‍ഡിക്കേറ്ററിന്' കേന്ദ്രസര്‍ക്കാരിന്റെ വക പതിനായിരം രൂപ പാരിതോഷികം. കോവിഡ് കാലത്ത് പ്രതിരോധ ഉപകരണമായി വാച്ചിനെ മാറ്റിയെടുത്ത ഷാരോണിന്റെ കണ്ടുപിടിത്തമാണ് സ്മാര്‍ട്ട് ഇന്‍ഡിക്കേറ്റര്‍.
കൈ അറിയാതെ മുഖത്തിന്റെ ഭാഗത്തേക്കുയര്‍ന്നാല്‍ ബീപ് ശബ്ദം കേള്‍പ്പിക്കുന്ന വാച്ചാണിത്. സ്മാര്‍ട്ട് വാച്ചിനകത്തു ഘടിപ്പിക്കുന്ന പിസോ ബുസറാണ് പ്രധാന ഭാഗം. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ ഇന്ത്യയുടെ ഇന്‍സ്പെയര്‍ പുരസ്‌കാരത്തിനാണ് സ്മാര്‍ട്ട് ഇന്‍ഡിക്കേറ്റര്‍ അര്‍ഹമായത്. മൂന്ന് മാസങ്ങള്‍ക്കുമുമ്പ് പ്രോജക്ട് വിവരങ്ങള്‍ ഇ-മെയിലായി അയച്ചുകൊടുത്തിരുന്നു. പ്രോജക്ട് തിരഞ്ഞെടുക്കപ്പെട്ടതായി ഡിസംബര്‍ 24-ന് മറുപടിയെത്തി. അടുത്ത ദിവസം ഷാരോണിന്റെ അക്കൗണ്ടില്‍ 10,000 രൂപയുമെത്തി.
സ്മാര്‍ട്ട് ഇന്‍ഡിക്കേറ്ററിന്റെ നിര്‍മാണത്തില്‍ വ്യാപൃതനാണിപ്പോള്‍ ഷാരോണ്‍. വൈകാതെ പ്രോജക്ട് അവതരിപ്പിക്കാന്‍ വിവരം ലഭിക്കും. വീഡിയോ ഡെമോയും ചെയ്യണം. ഷാരോണ്‍ പഴയന്നൂര്‍ ഗവ.ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷം വടക്കാഞ്ചേരി ഉപജില്ലയില്‍ ശാസ്ത്രമേളയില്‍ ഷാരോണ്‍ അവതരിപ്പിച്ച സ്‌പോഞ്ച് സിറ്റിക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
കേരളത്തിലെ വെള്ളപ്പൊക്കത്തെ കേന്ദ്രീകരിച്ച് നടത്തിയ പ്രോജക്ടായിരുന്നു ഇത്. ചെത്തുതൊഴിലാളിയായ പഴയന്നൂര്‍ നീര്‍ണമുക്ക് പഴൂത്രപ്പടി ഷാനിമോന്റെയും രാധികയുടെയും മകനാണ്. സഹോദരന്‍ : ഷഹന്‍.
Content highlights : seventh standard student sharon make covid preventive smart watch and get inspire award