ത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ വാൽ മുറിക്കുന്ന പല്ലികളെ നമുക്കെല്ലാം അറിയാം. ചില മൃഗങ്ങളിൽ സ്വാഭാവികമായി സംഭവിക്കുന്ന ഈ പ്രതിപ്രവർത്തനത്തെ ഓട്ടോടോമി (Autotomy) എന്നാണ് പറയുന്നത്. പല്ലികൾക്കു മാത്രമല്ല മറ്റു ചില ജീവികളിലും ഈ സ്വാഭാവികപ്രവർത്തനം നടക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ചിലയിനം സീ സ്ലഗ്ഗുകൾ അഥവാ പുറംതോടില്ലാത്ത കടലൊച്ചുകൾക്ക് തല ഛേദിക്കപ്പെട്ടാലും ആഴ്ചകൾകൊണ്ട് പഴയപോലെയാകാൻ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജപ്പാനിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. ഒരു ബയോളജി ജേണലിൽ 'പ്രകൃതിയുടെ അത്ഭുതം' എന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ചില സീ സ്ലഗുകളുടെ സ്വാഭാവികമായ കഴിവിനെ അടയാളപ്പെടുത്തിയിരിക്കുന്നത്.

ജാപ്പനീസ് കടൽ സ്ലഗ്ഗുകൾ ചെറുതും വളരെ ഭംഗിയുള്ളതുമാണെന്നും ഒപ്പം വിചിത്രവുമായതുകൊണ്ട് അവയെപ്പറ്റി പഠിക്കാൻ വളരെ ഇഷ്ടമാണെന്നും പറയുന്നു ബയോളജി റിസർച്ചറായ സയക മിത്തോ. ഒരുദിവസം അവർ വളരെ വിചിത്രമായ ഒരു സംഭവം തന്റെ ലാബിൽ കാണാനിടയായി. ഒരു കടൽ സ്ലഗ്ഗ് സ്വയം തന്റെ തല ഛേദിക്കുന്നു. വേർപ്പെട്ടു പോയിട്ടും അതിന്റെ തല ചലിച്ചുകൊണ്ടിരുന്നു. ഈ സംഭവത്തെത്തുടർന്ന് ഇക്കോളജി പ്രൊഫസറായ യോചി യൂസ ഒരു പരീക്ഷണത്തിന് മുതിർന്നു. 16 കടൽ സ്ലഗ്ഗുകളുടെ തല വെട്ടിമാറ്റി. ആറ് ജീവികൾ പുനരുജ്ജീവിക്കാൻ തുടങ്ങി. മൂന്ന് എണ്ണം വിജയിക്കുകയും അതിജീവിക്കുകയും ചെയ്തു. അവ സ്വന്തം ശരീരത്തെ വീണ്ടെടുത്തു.

ഓട്ടോടോമി എന്ന പ്രവർത്തനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കടൽ സ്ലഗ്ഗ്. ചില ജീവികൾക്ക് വാലോ കാലോ ഒക്കെ മുറിച്ചുമാറ്റാൻ കഴിയും. എന്നാൽ ഇതുപോലെ ശരീരം ഒഴിവാക്കാൻ കഴിയില്ല. കടൽ സ്ലഗ്ഗുകൾക്ക് 6 ഇഞ്ച് നീളത്തിൽ വരെ വളരാൻ കഴിയും. തലച്ചോറിലേക്ക് രക്തവും പോഷകങ്ങളും എത്തിക്കാൻ ഹൃദയം ആവശ്യമാണ്. അല്ലാതെ ഇവയ്ക്ക് അതിജീവിക്കാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രത്യേകതരം ആൽഗകൾ കഴിക്കുന്നതുകൊണ്ട് സൂര്യപ്രകാശത്തിൽനിന്നും ഓക്സിജനിൽനിന്നും സസ്യത്തെപ്പോലെ പത്ത് ദിവസത്തേക്ക് പ്രകാശസംശ്ലേഷണം ചെയ്യാൻ ഇവയ്ക്ക് കഴിയുന്നു. ഛേദിക്കപ്പെട്ട ഇവയുടെ തല ഒരു ചെടി പോലെ പ്രവർത്തിക്കുന്നു. സൂര്യപ്രകാശം, ഓക്സിജൻ എന്നിവ വഴി ഇവ ഊർജം നേടുന്നു. കടൽജീവികളിൽനിന്ന് മനുഷ്യന് ഉപയോഗപ്രദമായ എന്തെങ്കിലും പഠിക്കാൻ കഴിഞ്ഞേക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

Content highlights :scientists found some species of sea slugs can growing naturally after decapitation