ചോക്ലേറ്റ് എന്നുകേട്ടാല്‍ പല കൂട്ടുകാര്‍ക്കും വായില്‍ വെള്ളമൂറും. പക്ഷേ, പറയാന്‍ പോകുന്നത് ചോക്ലേറ്റിനെപ്പറ്റിയല്ല, ചോക്ലേറ്റ് നിറമുള്ള ഒരു തവളയെപ്പറ്റിയാണ്.  ന്യൂഗിനിയ ദ്വീപിലെ താഴ്ന്ന മഴക്കാടുകളിലാണ് ശാസ്ത്രജ്ഞര്‍ പുതിയ ചോക്ലേറ്റ് തവളയെ കണ്ടെത്തിയത്. 'ലിറ്റോറിയ മിറ' എന്നാണ് തവളയ്ക്ക് ശാസ്ത്രജ്ഞര്‍ ഇട്ട പേര്. ലാറ്റിന്‍ ഭാഷയില്‍ 'മിറ'യ്ക്ക് അതിശയിപ്പിക്കുന്നത്, വിചിത്രം എന്നൊക്കെയാണ് അര്‍ഥം. ഗവേഷണത്തിന്റെ ഫലമായി ശാസ്ത്രജ്ഞര്‍ക്ക് മനസിലായത് ഓസ്‌ട്രേലിയയിലെ 'ട്രീ ഫ്രോഗ്' എന്ന തവളകുടുംബത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ ചോക്ലേറ്റ് തവളയെന്നാണ്. 

പച്ചനിറമാണ് ട്രീ ഫ്രോഗുകളുടെ ചര്‍മ്മത്തിന്. പുതിയതായി കണ്ടെത്തിയ തവളയ്ക്ക് അതില്‍നിന്ന് വ്യത്യസ്തമായി തവിട്ടുനിറമാണുള്ളത്. അതുകൊണ്ടാണ് ഗവേഷകര്‍ ഈ തവളയെ ചോക്ലേറ്റ് തവള എന്നു വിശേഷിപ്പിച്ചത്. എന്നാല്‍ ട്രീ ഫ്രോഗുമായി കാഴ്ചയില്‍ മാത്രമാണ് ചോക്ലേറ്റ് തവളയ്ക്ക് സാമ്യമുള്ളത്. ചതുപ്പുനിലങ്ങളിലാണ് ചോക്ലേറ്റ് നിറമുള്ള തവളകള്‍ വസിക്കുന്നത്. ഈ ഇനം തവളയെ ഇത്രനാളും കണ്ടെത്താന്‍ കഴിയാതിരുന്നതും അതുകൊണ്ടായിരിക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. സൗത്ത് ഓസ്‌ട്രേലിയന്‍ മ്യൂസിയത്തിലെ ഹെര്‍പ്പെറ്റോളജിസ്റ്റായ സ്റ്റീവ് റിച്ചാര്‍ഡ്‌സ് ആണ് ചോക്ലേറ്റ് തവളയെ കണ്ടെത്തിയത്. 

ഓസ്‌ട്രേലിയന്‍ ജേണല്‍ സുവോളജിയിലാണ് തവളയെപ്പറ്റിയുള്ള കണ്ടെത്തലുകളും മറ്റും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചോക്ലേറ്റ് തവള ഇതിനകം സമൂഹമാധ്യമങ്ങളിലെല്ലാം ശ്രദ്ധനേടി. ഹാരിപോട്ടര്‍ സിനിമയില്‍ സമാനമായ ഒരു തവള ഹാരിക്കുണ്ടെന്ന തരത്തിലുള്ള കണ്ടെത്തലും ഇതോടൊപ്പം വരുന്നുണ്ട്. ഈ തവളകള്‍ പ്രധാനമായും ചതുപ്പുള്ളതും ചൂടേറിയതുമായ സ്ഥലങ്ങളിലാണ് വസിക്കാന്‍ ഇഷ്ടപ്പെടുന്നത്. അതിനാല്‍ അത്തരം ഇടങ്ങള്‍ വിട്ട് ഇവ എങ്ങോട്ടം പോകാറില്ലെന്നാണ് ഗവേഷകരുടെ നിരീക്ഷണം. നിലവില്‍ ന്യൂഗിനിയയില്‍ മാത്രമാണ് ചോക്ലേറ്റ് തവളയുള്ളത്.

Content highlights : researchers discovered new species of chocolate frog named litoria mira