Image : Gettyimages
കാഴ്ചയില്‍ ഭംഗികൂടിയ മൂങ്ങവര്‍ഗത്തിലെ കൊല്ലികുറവനെ (Brown wood Owl) നിലമ്പൂര്‍ കാടുകളില്‍ കണ്ടെത്തി. സാമാന്യം വലുതും മനോഹരവുമായ കൊല്ലികുറവന്‍ മൂങ്ങയെ നിലമ്പൂരില്‍ കുടുംബസമേതമാണ് കണ്ടെത്തിയത്. രാത്രി സഞ്ചാരികളായ സ്ട്രിക്‌സ് ലെക്‌റ്റോഗ്രാമിക്ക (Strix Letogrammica) എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന മൂങ്ങകളെ കണ്ടെത്തുക പ്രയാസമാണ്. പക്ഷിനിരീക്ഷകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ ജിഷാദ് ചോക്കാട് ആണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ക്യാമറയില്‍ പകര്‍ത്തിയതും.
വലിയ മരങ്ങള്‍ നിറഞ്ഞ കാടുകളിലും അതിനോടുചേര്‍ന്നുള്ള സ്ഥലങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ചെറിയ സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍ എന്നിവയാണ് പ്രധാന ഭക്ഷണം. തെക്കേ ഏഷ്യയില്‍ ഇന്ത്യ, ശ്രീലങ്ക തൊട്ട് കിഴക്ക് ഇന്‍ഡൊനീഷ്യ, തെക്കന്‍ ചൈന എന്നിവിടങ്ങളിലാണ് കൊല്ലികുറവനെ പ്രധാനമായും കാണുന്നത്. കേരളത്തില്‍ തട്ടേക്കാടുവെച്ചാണ് കൊല്ലികുറവന്റെ ചിത്രം മുന്‍പ് പകര്‍ത്തിയിട്ടുള്ളത്.

നിലമ്പൂര്‍ കാടുകളില്‍ ചോക്കാടില്‍നിന്നാണ് മൂങ്ങയെയും കുഞ്ഞിനെയും കണ്ടെത്തിയത്. കുഞ്ഞുകൂടി ഉള്ളതിനാലാണ് പകല്‍ കണ്ടെത്താനും ചിത്രം പകര്‍ത്താനും കഴിഞ്ഞതെന്ന് ജിഷാദ് ചോക്കാട് പറഞ്ഞു. രൂപസാദൃശ്യം കാരണം ഇവയിലെ ആണ്‍-പെണ്‍ പക്ഷികളെ തിരിച്ചറിയുക പ്രയാസമാണ്. വട്ടമുഖത്തിനു ചെമ്പുകലര്‍ന്ന തവിട്ടുനിറമായിരിക്കും. കഴുത്തിലെ വെള്ളവരയും കണ്ണുകള്‍ക്കു ചുറ്റിലുമുള്ള കടുത്ത തവിട്ടുനിറവും ഇവയെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു.
45 മുതല്‍ 57 സെന്റീമീറ്റര്‍വരെ നീളവും ഏകദേശം ഒരുകിലോവരെ തൂക്കവുമുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇവയുടെ പ്രജനന സമയം. മരപ്പൊത്തുകളിലാണ് കൂടുകൂട്ടാറുള്ളത്. ഒരു പ്രജനനത്തില്‍ രണ്ടു മുട്ടകള്‍ വരെയാണ് കാണപ്പെടുന്നത്. ചോക്കാടില്‍ ഒരു കൊല്ലികുറവനെയും കുഞ്ഞിനെയുമാണ് കണ്ടിട്ടുള്ളത്.
Content highlights : rare brown wood owl is spotted in nilambur forest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..