Asiatic Wild Dogs
വംശനാശ ഭീഷണി നേരിടുന്ന കാട്ടുനായകളെ (ഏഷ്യാറ്റിക് വൈൽഡ് ഡോഗ്) വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടെത്തി. ഇവയെക്കുറിച്ചുള്ള രാജ്യത്തെ ആദ്യ സർവേയിലാണ് വയനാട്ടിൽ 50 കാട്ടുനായകളെ കണ്ടെത്തിയത്. 2019-ലാണ് സർവേ തുടങ്ങിയത്. മാംസഭുക്കുകളുടെ ഉന്നത ശ്രേണിയിൽപെടുന്നതാണിവ.
350 ചതുരശ്ര കിലോമീറ്ററുള്ള വയനാട് വന്യജീവി സങ്കേതത്തിൽ, 100 ചതുരശ്ര കിലോമീറ്ററിൽ 12 മുതൽ 14 വരെ കാട്ടുനായകളെയാണ് കണ്ടെത്തിയത്. ഇതേ നൂറു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 11 മുതൽ 13 വരെ കടുവകളും ഉണ്ടെന്നാണ് കണക്കുകൾ. ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ കാടുകളും ഇരകളുടെ ലഭ്യതയുമാണ് ഉന്നതശ്രേണിയിൽപ്പെടുന്ന ഈ രണ്ടു മാംസഭുക്കുകളും വയനാട് വന്യജീവിസങ്കേതത്തിൽ കൂടുതലായി കാണാൻ കാരണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ അർജുൻ ശ്രീവാസ്തവ പറഞ്ഞു.

വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഇന്ത്യ, നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസ്, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി, യു.എസ്.എ.യിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവർ ചേർന്നാണ് സർവേ സംഘടിപ്പിച്ചത്. കാട്ടുനായകളുടെ കാഷ്ടം ശേഖരിച്ച് അതിൽനിന്ന് ഡി.എൻ.എ. വേർതിരിച്ചെടുത്ത്, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവയുടെ കണക്കെടുത്തത്.
ധോൾ എന്നറിയപ്പെടുന്ന ഏഷ്യാറ്റിക് വൈൽഡ് ഡോഗുകളെക്കുറിച്ച് രാജ്യത്ത് കാര്യമായ പഠനങ്ങളൊന്നും ഉണ്ടായിരുന്നില്ല. വംശനാശഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കാൻ പഠനറിപ്പോർട്ട് സഹായകമാകുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ. ഡോ. അർജുൻ ശ്രീവാസ്തവയ്ക്കുപുറമേ റയാൻ ജി. റോഡിഗ്രസ്, ഡോ. കോക്ക് ബെൻ തോ, ഡോ. അരുൺ സക്കറിയ, ഡോ. റയാൻ ഡബ്ല്യു. ടെയലർ, ഡോ. മദൻ കെ. ഒലി, പ്രൊഫ. ഉമാരാമകൃഷ്ണൻ തുടങ്ങിയവർ ഫീൽഡ് സർവേക്കും പഠനത്തിനും നേതൃത്വം നൽകി. റിപ്പോർട്ട് ബയോളജിക്കൽ കൺസർവേഷൻ എന്ന അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content highlights :rare asiatic wild dogs discovered in wayanad forest areas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..