ങ്ങാടിപ്പുറം: 'ദാരിദ്ര്യം അവരുടെ കുറ്റമല്ല, ഫോണില്ലാത്തതുകൊണ്ട് അവരുടെ പഠനം മുടങ്ങരുത്', ഒരുകൂട്ടം അധ്യാപകരുടെ ഈ ദൃഢനിശ്ചയം 81 കുട്ടികൾക്കു സമ്മാനിച്ചത് മികച്ച ഫോണുകൾ.

പരിയാപുരം ഫാത്തിമ യു.പി. സ്കൂളിലെയും പരിയാപുരം സെയ്ന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെയും അധ്യാപകരാണ് ഒരു കുട്ടിക്കും ഓൺലെൻ പഠനം മുടങ്ങരുതെന്ന ആഗ്രഹത്തിൽ ഫോൺ ചലഞ്ചുമായി മുന്നിട്ടിറങ്ങിയത്. 2,65,922 രൂപ നൽകി 62 അധ്യാപകർ സ്മാർട്ട്ഫോൺ ചാലഞ്ചിന് തുടക്കംകുറിച്ചു. നല്ലവരായ മറ്റുചില മനുഷ്യരും ഒപ്പംചേർന്നു. അങ്ങനെ കുട്ടികൾക്കുകിട്ടി 8500 രൂപയുടെ മികച്ച ഫോണുകൾ.?

അധ്യാപകരും വിരമിച്ച അധ്യാപകരും പൂർവവിദ്യാർഥികളും പരിയാപുരം ഫാത്തിമ മാതാ ഇടവകാംഗങ്ങളും രക്ഷിതാക്കളും നാട്ടുകാരുമെല്ലാം ഫോൺ ചലഞ്ചിൽ കൈകോർത്തപ്പോൾ 6,05,672 രൂപ സമാഹരിക്കാനായി. പൂർവവിദ്യാർഥിനി വിനിഷ കഷ്ടപ്പാടുകൾക്കിടയിലും തന്റെ വികലാംഗ പെൻഷനിൽനിന്ന് 300 രൂപ ചലഞ്ചിലേക്ക് അയച്ചുകൊടുത്ത് പങ്കാളിയായി.

ഫോണുകളുടെ വിതരണോദ്ഘാടനം പഞ്ചായത്തംഗം അനിൽ പുലിപ്ര നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷനായി. കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, പ്രഥമാധ്യാപകരായ ജോജി വർഗീസ്, ഷീല ജോസഫ് എന്നിവർ പ്രസംഗിച്ചു.

ചലഞ്ച് തുടരുകയാണ്. ഇനി 16 കുട്ടികൾക്കുകൂടി ഫോൺ നൽകാനുള്ള ശ്രമത്തിലാണ് അധ്യാപകർ. ഈ ചലഞ്ചിൽ പങ്കാളികളാകാം. ഫോൺ: 9846943212.

Content highlights :pariyapuram st mary's up school teachers give mobile phones in 81 students online class