'ഒരിക്കല്‍ സീഷെല്‍ നഗരത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. സെയില്‍ എന്നായിരുന്നു അവളുടെ പേര്. ആ കുട്ടിക്കൊരു മാന്ത്രിക ശക്തിയുണ്ടായിരുന്നു. മൃഗങ്ങളുടെ ഭാഷ മനസ്സിലാകും, അവരോടു സംസാരിക്കാനും കഴിയും. തെരുവിലെ പട്ടിയോടും പൂച്ചയോടുമെല്ലാം വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവള്‍ കളിച്ചുനടന്നു...' - അനന്യയുടെ കുട്ടിക്കഥയുടെ തുടക്കമിങ്ങനെയാണ്. ഒരു കാടിനെ മുഴുവന്‍ കൈപ്പിടിയിലാക്കിയ പ്ലാസ്റ്റിക് രാക്ഷസനെ അനന്യയും കാട്ടുമൃഗങ്ങളും ചേര്‍ന്ന് തോല്‍പ്പിക്കുന്നതാണ് 'പ്ലാസ്റ്റിക് മോണ്‍സ്റ്റര്‍' എന്നു പേരുള്ള അനന്യ സതീഷ് പിഷാരടിയുടെ ആദ്യ പുസ്തകം.

കൊച്ചിയില്‍ വേരുകളുള്ള അനന്യയിപ്പോള്‍ ഗുജറാത്തിന്റെ സ്വന്തമാണ്. അവിടത്തെ 'കുട്ടി ജീനിയസ്' ആണ് ഈ മലയാളിക്കുട്ടി. കഥയെഴുത്തിനൊപ്പം വരയുടെ ലോകവും അനന്യക്കു സ്വന്തം. ഗാന്ധിനഗറില്‍ സ്‌കൂള്‍ നടത്തുന്ന സതീഷ് പിഷാരടിയുടെയും ഗീതയുടെയും മകളാണ് അനന്യ. ഗുജറാത്തിലേക്ക് ചേക്കേറിയ അനന്യയുടെ കുടുംബത്തിന്റെ 'കൊച്ചി ടച്ച്' എറണാകുളം ബി.പി.സി.എല്ലില്‍ മാനേജരായ രാധാകൃഷ്ണന്റെ വീടാണ്. നാടുമായുള്ള ബന്ധം അറ്റുപോകാതിരിക്കാന്‍ ഇടയ്ക്ക് കൊച്ചിയിലേക്കെത്തും.

ഒമ്പതു വയസ്സുള്ളപ്പോഴാണ് അനന്യ എട്ട് അധ്യായങ്ങളുള്ള 'പ്ലാസ്റ്റിക് മോണ്‍സ്റ്റര്‍' എന്ന കഥ പ്രസിദ്ധീകരിക്കുന്നത്. ആമസോണിലുള്‍പ്പെടെ അനന്യയുടെ പുസ്തകം ലഭ്യമാണ്. 'സ്വച്ഛ് ഭാരത്' പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സമയത്താണ് അനന്യ 'പ്ലാസ്റ്റിക്' കഥയെഴുതിയത്. 'രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി' എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ പുരസ്‌കാരവും അനന്യയെ തേടിയെത്തി. പക്ഷേ, എഴുത്തിനെക്കാളുപരി വരയിലാണ് അനന്യയുടെ കഴിവുകള്‍.

''ചെറുതായിരിക്കുമ്പോള്‍ തന്നെ നന്നായി വരയ്ക്കുമായിരുന്നു. ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു'' - അമ്മ ഗീത പറയുന്നു. അനന്യക്കു മുന്നില്‍ വരയുടെ ലോകം മിഴിതുറന്നപ്പോള്‍ ഒമ്പതു വയസ്സുകാരി ഒമ്പതുമാസം കൊണ്ട് തൊള്ളായിരം രേഖാചിത്രങ്ങള്‍ വരച്ചതിനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും സ്വന്തം പേരിലായി.

അതും കടന്ന് അനന്യയുടെ വരകള്‍ നീണ്ടു. ഗുജറാത്ത്-മഹാരാഷ്ട്ര അതിര്‍ത്തിയിലെ വര്‍ളി ആദിവാസി സമൂഹത്തിന്റെ ചിത്രരചനാ രീതി കുഞ്ഞുപ്രായത്തില്‍ അനന്യ പഠിച്ചെടുത്തു. വൃത്തം, ത്രികോണം, ചതുരം തുടങ്ങിയ ജ്യാമിതീയ രൂപങ്ങളിലൂടെയാണ് ഈ ചിത്രരചന. പിന്നാലെ 77 ദിവസം കൊണ്ട് ചോക്കുപൊടിയില്‍ 500 വര്‍ളി ചിത്രങ്ങള്‍ വരച്ചു. ജീനിയസ് ബുക്ക് ഓഫ് റെക്കോഡ്സിലേക്കും വണ്ടര്‍ ബുക്ക് ഓഫ് റെക്കോഡ്സിലേക്കും അനന്യ കയറി.

ലോക്ഡൗണ്‍ കാലത്ത് മറ്റൊരു പരീക്ഷണവും നടത്തി, കളിമണ്ണില്‍ സൂക്ഷ്മ ഭക്ഷണ രൂപങ്ങളുണ്ടാക്കല്‍. ചെറിയ സാന്‍ഡ്വിച്ച്, തീരെ ചെറിയ ദോശ തുടങ്ങി നിരവധി ഭക്ഷണങ്ങളാണ് അനന്യ കളിമണ്ണില്‍ ഉണ്ടാക്കിയത്. പക്ഷേ, ചിലതിനൊന്നും പൂര്‍ണതയില്ലെന്നു പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സുകാര്‍ തള്ളി. രണ്ടാം ലോക്ഡൗണ്‍ വന്നപ്പോള്‍ ഒന്നുകൂടി കളിമണ്ണില്‍ ചെറുഭക്ഷണ രൂപങ്ങള്‍ കൂടുതല്‍ മിഴിവോടെ തീര്‍ത്തു. റെക്കോഡ് അനന്യയെ തേടി വന്നു. ഭരതനാട്യവും കീബോര്‍ഡുമെല്ലാം പഠിക്കുന്നുണ്ട് ഈ പതിനൊന്നുകാരി.

വരയില്‍ പഠിച്ചതൊക്കെയും കുഞ്ഞുകൂട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനുള്ള ആലോചനയിലാണ് ഈ കുഞ്ഞു 'ടീച്ചര്‍'. കോവിഡൊക്കെ കഴിഞ്ഞാല്‍ കൊച്ചിയില്‍ ചിത്രപ്രദര്‍ശനം നടത്തണമെന്നും മട്ടാഞ്ചേരിയുടെയും ഫോര്‍ട്ട്കൊച്ചിയുടെയും ജീവിതങ്ങള്‍ വരയ്ക്കണമെന്നുമാണ് അനന്യയുടെ ആഗ്രഹം.

Content highlights : nine years old kerala born and gujarati living ananya live in the world of writing and drawing