കോഴിക്കോട് : ജൈവവൈവിധ്യത്താൽ സമ്പന്നമായ കേരളത്തിന്റെ പേരിലൊരു തവള. തട്ടേക്കാട് പക്ഷിസങ്കേതത്തിൽനിന്ന് കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം തവളയ്ക്ക് യൂഫ്ളിക്റ്റിസ് കേരള എന്നാണ് പേരിട്ടിരിക്കുന്നത്.

കുളങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലുമെല്ലാം സാധാരണ കാണാറുള്ള ചാട്ടത്തവളയോട് (കുളത്തവള) ഏറെ സാമ്യമുള്ളവയാണ് പുതിയ സ്പീഷിസ്. പശ്ചിമഘട്ട മലനിരകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള ശുദ്ധജല സ്രോതസ്സുകളാണ് ഇവയുടെ വാസകേന്ദ്രങ്ങൾ. പുതിയ കണ്ടെത്തലോടെ കേരളത്തിലെ ഉഭയജീവി സ്പീഷിസുകളുടെ എണ്ണം 182 ആയി.

സുവോളജിക്കൽ സർവേ ഗവേഷകരായ ഡോ. കെ.പി. ദിനേഷ്, ഡോ. ബി.എച്ച്.സി.കെ. മൂർത്തി, ഡോ. കൗഷിക് ദൗത്തി, ബെംഗളൂരു മൗണ്ട് കാർമൽ കോളേജിലെ ഡോ. പി. ദീപക്, ഭുവനേശ്വർ നൈസറിലെ അവരാജൻ ഘോഷ് എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്. അന്താരാഷ്ട്ര ജേണൽ സൂടാക്സയിൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.

Content highlights :new species of skittering frog found in thattekkad named euphlyctis Kerala