ഗാവ എന്നു പേരുള്ള എലിയെ എല്ലാവരും ഓർത്തിരിക്കുന്നുണ്ടാകും. ധീരതയ്ക്കുള്ള ബ്രിട്ടീഷ് ചാരിറ്റി സിവിലിയൻ അവാർഡ് സ്വന്തമാക്കിയ മുതലാണ് മഗാവ. കംബോഡിയയിൽ പൊട്ടിത്തെറിക്കാതെ കിടക്കുന്ന ലാൻഡ് മൈനുകൾ കണ്ടെത്താൻ സഹായിച്ചതിനായിരുന്നു മഗാവയ്ക്ക് അവാർഡ് ലഭിച്ചത്. നീണ്ട അഞ്ച് വർഷമാണ് മഗാവ സേവനം അനുഷ്ഠിച്ചത്. ഇനി അവന് വിശ്രമിക്കാനുള്ള സമയമായെന്നാണ് മഗാവിനെ പരിശീലിപ്പിച്ച സ്ഥാപനമായ അപോപോ പറയുന്നത്. ഇതുവരെ മഗാവ 71 ലാൻഡ് മൈനുകളും പൊട്ടിത്തെറിക്കാത്ത യുദ്ധസാമഗ്രികളും കണ്ടെടുത്തുവെന്ന് അപോപോ പറയുന്നു.

ആഫ്രിക്കൻ ജിയന്റ് പൗച്ചഡ് ഇനത്തിൽപെട്ട എലികളാണ് സ്ഫോടകവസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിൽ മിടുക്കർ. മഗാവ അക്കൂട്ടത്തിലെ 'ഹീറോ റാറ്റ്' (Hero Rat) ആയി മാറി. ഇപ്പോഴും മഗാവയുടെ ആരോഗ്യനില മികച്ചതാണെന്നും പക്ഷേ അവന് വിരമിക്കാനുള്ള പ്രായമെത്തിയിരിക്കുന്നുവെന്നുമാണ് അപോപോ പറയുന്നത്. ചെറിയ ഒരു വേഗതക്കുറവ് അവനിൽ പ്രകടമാണെന്നും വിശ്രമിക്കാനുള്ള സമയമാണിനിയെന്നും അപോപോ അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷമാണ് മൃഗങ്ങളുടെ ധീരതയ്ക്കുള്ള ബ്രിട്ടീഷ് സിവിലിയൻ അവാർഡ് മഗാവ നേടുന്നത്. അതുവരെയും നായ്ക്കൾക്കു മാത്രമാണ് ഈ ബഹുമതി ലഭിച്ചിരുന്നത്. എല്ലാവരോടും ഇണങ്ങുന്ന സ്വഭാവക്കാരനും വളരെ വേഗത്തിൽ കാര്യങ്ങൾ മനസിലാക്കി ചെയ്യാനും കഴിവുള്ളവനാണ് മഗാവ. 2014-ൽ ടാൻസാനിയയിലാണ് മഗാവ ജനിച്ചത്. 2016-ൽ കംബോഡിയയിലേക്ക് എത്തുകയും ബോംബ് സ്നിഫിംഗ് ജോലി ഏറ്റെടുക്കുകയും ചെയ്തു. അംഗോള, സിംബാവെ തുടങ്ങിയ സ്ഥലങ്ങളിലെത്തി ലാൻഡ് മൈനുകൾ നീക്കം ചെയ്യുന്നതിനായി പ്രവർത്തിച്ചു.

Content highlights :magawa british charity civilian award won rat retiring after five years