അബുദാബി: ആകർഷകമായ നിരവധി പരിപാടികളോടെ ലൂവ്ര് അബുദാബി കുട്ടികളുടെ മ്യൂസിയം ജൂൺ 18-ന് തുറക്കും. കലയിലൂടെയും കളിയിലൂടെയും കുട്ടികൾക്ക് വേറിട്ട ചിന്തകൾ സമ്മാനിക്കുന്ന പദ്ധതികളാണ് ഇതിന്റെ ഭാഗമായി അവതരിപ്പിക്കുക. 'ഇമോഷൻസ് - ദി ന്യൂ ആർട്ട് അഡ്വെഞ്ചർ' എന്ന പേരിൽ 2023 വരെ അവതരണങ്ങൾ തുടരും. നാലുവയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായാണ് പരിപാടികൾ ഒരുക്കുന്നത്.

ഓരോ പരിപാടികളിലും ഭാഗമാവുന്നതോടൊപ്പം ലഭിക്കുന്ന മാർക്കുകൾ അടയാളപ്പെടുത്തുന്ന സ്മാർട്ട് ബാൻഡുകളെല്ലാം ഇതിന്റെ പ്രത്യേകതയാണ്. ചിത്രരചനയും ത്രീഡി ആർട്ടും പാട്ടും നൃത്തവും ചരിത്രപഠനവുമെല്ലാം ഇതിന്റെ ഭാഗമായിരിക്കും. കുട്ടികളെ എന്നും ഉത്സാഹവും സന്തോഷവുമുള്ളവരാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കുട്ടികൾക്ക് വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും ലഭിക്കുന്ന അറിവുകൾക്ക് പുറമെ ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാനും അതിലൂടെ ശാരീരികവും മാനസികവുമായ വളർച്ചയുറപ്പാക്കാനും ഇത് വഴിവെക്കുമെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് ചെയർമാൻ മുബാറഖ് ഖലീഫ അൽ മുബാറഖ് പറഞ്ഞു.

Content highlights :louvre childrens museum in abu dhabi reopen june 18