ല്പകഞ്ചേരി: സി.ബി.എസ്.ഇ. അഞ്ചാംക്ലാസ് മലയാളം പാഠപുസ്തകം പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇനി ശരിക്കും അദ്ഭുതപ്പെടും. കാരണം കേട്ടുകേള്‍വിപോലുമില്ലാത്ത പല നാടന്‍കളികളെക്കുറിച്ചും അവര്‍ പഠിക്കാന്‍ പോകുകയാണ്. പേരുകളില്‍ത്തന്നെ കൗതുകം ഏറെയുള്ള പഴയകാല കളികളെ 'മറന്നുതുടങ്ങിയ നാടന്‍കളികള്‍' എന്ന അധ്യായത്തിലൂടെ അവര്‍ അടുത്തറിയും.

കുട്ടികളില്‍ ഏകാഗ്രത വളര്‍ത്താനുതകുന്ന ഈര്‍ക്കില്‍ കൊള്ളികള്‍ ഉപയോഗിച്ചു കളിക്കുന്ന നൂറ്റാംകൊള്ളി, നിലത്ത് വലിയ കള്ളികള്‍വരച്ച് പരന്ന ചെറിയകല്ലോ ഓട്ടിന്‍പൊട്ടോ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ കളിക്കുന്ന കക്കുകളി, തെങ്ങോലകൊണ്ട് മെടഞ്ഞുണ്ടാക്കുന്ന പന്തുകൊണ്ട് രണ്ടുടീമായിനിന്ന് പ്രത്യേകരീതിയില്‍ കളിക്കുന്ന ഓലപ്പന്തുകളി, ഒരാള്‍ കൈകൊണ്ട് കണ്ണുപൊത്തി മരത്തില്‍ മുഖമമര്‍ത്തി ഒന്നുമുതല്‍ 25 വരെ ഉറക്കെ എണ്ണി ഒളിച്ചിരിക്കുന്ന മറ്റുള്ളവരെ കണ്ടെത്തുന്ന സാറ്റുകളി, ചെറുതുംവലുതുമായ രണ്ടു മരക്കൊള്ളികള്‍ ഉപയോഗിച്ചു കളിക്കുന്ന പട്ടയും ചുള്ളിയും തുടങ്ങിയ കളികളാണ് പാഠപുസ്തകത്തില്‍ ഇടംപിടിച്ചത്. തേന്‍മൊഴി എന്ന മാതൃഭാഷാ പാഠാവലിയിലാണ് ഇതുള്ളത്.

graphic image

വളവന്നൂര്‍ ഈങ്ങേങ്ങല്‍പടി സ്വദേശിയും കല്ലിങ്ങല്‍പ്പറമ്പ് എം.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ആഷിഖ് പടിക്കലാണ് ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ സജീവമായുണ്ടായിരുന്ന, ഇപ്പോള്‍ മണ്‍മറഞ്ഞുപോയ നാടന്‍ കളികളെക്കുറിച്ചുള്ള പാഠഭാഗം തയ്യാറാക്കിയത്. ന്യൂജ്യോതി പബ്ലിക്കേഷന്‍സിന്റെ സി.ബി.എസ്.ഇ. പുസ്തകത്തിലാണ് ഈ പാഠഭാഗം. മദിരാശി സര്‍വകലാശാലയിലെ മലയാളം വിഭാഗം മുന്‍ മേധാവി ഡോ. ജയപ്രസാദാണ് പാഠപുസ്തകത്തിന്റെ ഓണററി എഡിറ്റര്‍.

Content highlights : local games like kakkukali sattukali learn in cbse school students textbook