ഏഴിമല നരിമടയിലെ ആദി ജാക്സണും ആരോൺ ജാക്സണും വീട്ടിൽ വളർത്തുന്ന കോഴികളും നായ ജൂലിയും
കോഴിയെ നായ പിടിച്ചു എന്നുള്ളത് പലപ്പോഴും കേൾക്കുന്നതാണെങ്കിലും ഏഴിമല നരിമടയിലെത്തിയാൽ കഥ മാറും. കാരണം, പയ്യന്നൂർ താലൂക്കാസ്പത്രിയിലെ സീനിയർ പി.ആർ.ഒ. ജാക്സൺ ഏഴിമലയുടെ വീട്ടിൽ നൂറോളം കോഴികളുടെ സുരക്ഷിതത്വം ഇവരുടെ വളർത്തുനായയിലാണ് എന്നതാണ് ഈ കൗതുകത്തിന് കാരണം.
ഇറ്റലിയിൽ മേയുന്നതിനായി വിടുന്ന ചെമ്മരിയാടിൻകൂട്ടങ്ങൾക്ക് സംരക്ഷകരായി പോകുന്നത് പ്രത്യേക പരിശീലനം സിദ്ധിച്ച നായ്ക്കളാണ്. ഇവതന്നെ വൈകുന്നേരമാകുമ്പോൾ തിരിച്ച് ചെമ്മരിയാടുകളെ കൂട്ടിലെത്തിക്കും. ഈ അറിവാണ് കോഴികളുടെ കാവൽ നിരന്തരപരിശീലനത്തിലൂടെ വളർത്തുനായയെ ഏൽപ്പിക്കാൻ ജാക്സണ് പ്രചോദനമായത്. ജൂലി എന്ന വളർത്തുനായയാണ് കോഴികൾ കൂട്ടിനകത്തായിരിക്കുമ്പോഴും പുറത്തായിരിക്കുമ്പോഴും അവയെ സംരക്ഷിക്കുന്നത്.
കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാനെത്തുന്ന പരുന്തുകളെ തുരത്തിയോടിക്കുന്നതും കൂട്ടംതെറ്റാതെ എല്ലാ കോഴികളേയും കൂട്ടിനകത്തേക്ക് തിരിച്ചുകയറ്റുന്നതും ജൂലിതന്നെയാണ്. കോഴിക്കൂട്ടിനകത്തുതന്നെയുള്ള തുറന്നുകിടക്കുന്ന പട്ടിക്കൂട്ടിലാണ് ജൂലിയുടെ വിശ്രമവും.
കഴിഞ്ഞവർഷം കോവിഡ് ആരംഭത്തിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമാകാൻ ജാക്സനും ഭാര്യ മുത്തത്തി പകൽവീട്ടിലെ നഴ്സായ ജിനിയയും അമ്മ റീത്താമ്മച്ചിയും തുടങ്ങിയതാണ് കോഴികളെ വളർത്തൽ. കോഴികൾക്ക് തീറ്റകൊടുക്കുന്നതും മറ്റും ജാക്സന്റെ മക്കളും കുന്നരു യു.പി. സ്കൂളിലെ വിദ്യാർഥികളുമായ ആദി ജാക്സണും ആരോൺ ജാക്സണുമാണ്. അമേരിക്കൻ സിൽക്കി, പോളിഷ് ക്യാപ്, കൊളമ്പിയൻ ബ്രഹ്മ, നാടൻകോഴി, കരിങ്കോഴി, പുള്ളിക്കോഴിയെന്ന ഏഴുകളർ കോഴി, ബാന്റം കോഴി, താറാവിനങ്ങളായ നാടൻ താറാവ്, മണിത്താറാവ്, ബ്രോയിലർ ഇനത്തിൽപ്പെട്ട വിഗോവ, കുട്ടനാടൻ താറാവ് എന്നീ ഇനങ്ങളിലെ കോഴികളും താറാവുകളുമായി നൂറോളം എണ്ണമുണ്ട്.
കുഴിച്ചിട്ട കുറ്റികളിൽ പ്ലാസ്റ്റിക് വലകെട്ടി വളച്ചാണ് ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ കോഴിക്കൂടുണ്ടാക്കിയിട്ടുള്ളത്. അത്രയ്ക്കൊന്നും സുരക്ഷിതത്വം കൂടിനില്ലെങ്കിലും ജൂലിയുടെ ജാഗ്രതയിൽ കോഴികളെല്ലാം സുരക്ഷിതരാണ്. കോഴികളുണ്ടല്ലോ എന്നുകരുതി അത്യാവശ്യ യാത്രകളൊന്നും ഈ കുടുംബത്തിന് ഒഴിവാക്കേണ്ട അവസ്ഥയുമുണ്ടായിട്ടില്ല. കോഴികളുടെ സംരക്ഷണമെറ്റെടുത്ത നായുടെ കാവൽ ഇവർക്കും അനുഗ്രഹമായി മാറിയിരിക്കുന്നു.
Content highlights :julie a pet dog safety for chickens in a house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..