ഹെല്‍മെറ്റും ഫ്രോക്കുമിട്ട് കുഞ്ഞുകാലുകളിലൂടെ ജാനകി ആനന്ദ് എന്ന അഞ്ചുവയസ്സുകാരി സ്‌കേറ്റിങ് ബോര്‍ഡിലൂടെ വിസ്മയപ്രകടനം നടത്തുന്നത് തരംഗമാവുന്നു. ദുബായിലുള്ള തൃശ്ശൂര്‍ കുന്നംകുളം സ്വദേശി ആനന്ദ് തമ്പിയുടെയും ജാന്‍സിയുടെയും മകളാണ് ജാനകി.

ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്‌കേറ്റിങ് ബോര്‍ഡിലെ അഭ്യാസിയാണ് ജാനകി എന്നതും മലയാളികള്‍ക്ക് അഭിമാനമാണ്. ഒട്ടേറെ ഓണ്‍ലൈന്‍ മത്സരങ്ങളില്‍ ഇതിനകം ജാനകി സമ്മാനങ്ങളും നേടിക്കഴിഞ്ഞു.

സഹോദരന്‍ റെഹാന്‍ ആണ് കുടുംബത്തില്‍ ആദ്യമായി സ്‌കേറ്റിങ് ബോര്‍ഡര്‍ ആയത്. അതോടെ അനുജത്തി ജാനകിക്കും അഭ്യാസ പ്രകടനം നടത്താന്‍ മോഹമായി.

അച്ഛന്‍ ആനന്ദ് തമ്പി പരിശീലകനായി, അമ്മ കൈത്താങ്ങുമായി. ഒരുവര്‍ഷം മുന്‍പായിരുന്നു ജാനകി പരിശീലനം തുടങ്ങിയത്. കഴിഞ്ഞവര്‍ഷം ജനുവരി 29-ന് ജാനകിയുടെ നാലാംപിറന്നാളില്‍ ദുബായിലെ സ്‌കേറ്റ് പാര്‍ക്കില്‍ കൂടുതല്‍ പരിശീലനം ആരംഭിച്ചു.

ജാനകിയുടെ സ്‌കേറ്റിങ് ബോര്‍ഡിലെ കുഞ്ഞന്‍ പ്രകടനം അമ്മ ജാന്‍സി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.

കോവിഡ് കാലത്ത് പുറത്തുപോകാന്‍ സാധിക്കാതെ ജാനകിയുടെ സ്‌കേറ്റിങ് ബോര്‍ഡ് വീട്ടകത്തിലേക്ക് ഒതുങ്ങുകയായിരുന്നു. ലോകമറിയുന്ന സ്‌കേറ്റിങ് ബോര്‍ഡര്‍ ആകണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Janaki Anand (@skate_janzz)

മാതാപിതാക്കളോടൊപ്പം ഇപ്പോള്‍ കേരളത്തിലുള്ള ജാനകി കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലും പരിശീലനം നടത്തുന്നുണ്ട്.

ജാനകിയുടെ വലിയ മോഹം തന്റെ സ്‌കേറ്റിങ് ബോര്‍ഡ് പ്രകടനം ജപ്പാനില്‍ വരാനിരിക്കുന്ന ഒളിമ്പിക്‌സില്‍ കാഴ്ചവെച്ച് വിജയിയാവുക എന്നതാണ്. സ്‌കേറ്റിങ് ബോര്‍ഡ് അഭ്യാസത്തിനിടയില്‍ ഒട്ടേറെത്തവണ വീണ് പരിക്കേറ്റെങ്കിലും ജാനകി പിന്മാറാന്‍ ഒരുക്കമല്ല. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സ്‌കേറ്റിങ് ബോര്‍ഡ് പരിശീലനത്തിനായി മികച്ച റാംപുകള്‍ നിലവിലുള്ളതിനാല്‍ ജാനകിയെ അവിടങ്ങളില്‍ പരിശീലിപ്പിക്കുകയാണെന്ന് ലക്ഷ്യമെന്നും അമ്മ ജാന്‍സി പറഞ്ഞു.

ഏഴുവര്‍ഷമായി ദുബായിലുള്ള ആനന്ദും ജാന്‍സിയും സ്വന്തമായി ബിസിനസ് ചെയ്യുകയാണ്. സ്വന്തം സ്ഥാപനത്തിലെ കണ്‍സള്‍ട്ടന്റ് കൂടിയാണ് ജാന്‍സി. യുട്യൂബ് കണ്ടാണ് ആനന്ദ് മക്കള്‍ക്ക് സ്‌കേറ്റിങ് ബോര്‍ഡ് പരിശീലനം നല്‍കുന്നത്.

Content highlights : india's youngest girl skateboarder janaki's skating videos goes viral