പാലക്കാട്: സ്‌കൂള്‍ അങ്കണത്തില്‍ പതാകയുയര്‍ന്നുകഴിഞ്ഞാല്‍ കലാപരിപാടികളും പായസവിതരണവുമൊക്കെയായി സ്വാതന്ത്ര്യദിനം ആഘോഷമാക്കുന്ന കുട്ടികള്‍ക്ക് കോവിഡുകാലമായതിനാല്‍ ആഘോഷങ്ങള്‍ വീട്ടിലൊതുങ്ങി.

ആഘോഷം വീട്ടിലായാലും സ്വാതന്ത്ര്യദിനത്തിന് ഇനി ഗാന്ധിജിയെയും സുഭാഷ് ചന്ദ്രബോസിനെയും നെഹ്റുവിനെയുമൊക്കെ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് കാണാം. സ്വതന്ത്ര്യസമരചരിത്രത്തിന്റെ ആവേശമൊട്ടും ചോരാതെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് 'കനല്‍പ്പൂക്കള്‍' എന്ന ഹ്രസ്വചിത്രത്തിലൂടെ മാത്തൂര്‍ വെസ്റ്റ് സ്‌കൂളിലെ (ബംഗ്ലാവ് സ്‌കൂള്‍) കുരുന്നുകള്‍.

സ്‌കൂളിലെ പ്രീപ്രൈമറി മുതല്‍ നാലാംക്ലാസുവരെയുള്ള കുട്ടികള്‍ ചേര്‍ന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ചിത്രം നിര്‍മിച്ചത്. സ്‌കൂളിലെ കുട്ടികള്‍തന്നെയാണ് ചിത്രത്തിലെ താരങ്ങളും. ഭാരതാംബയുടെ പതാകയുമേന്തി നടന്നുനീങ്ങുന്ന പൗരനെ ബ്രിട്ടീഷുകാര്‍ തടയുന്നതും വെടിവെച്ചിടുന്നതുമായ ചരിത്രസംഭവങ്ങള്‍ മുതല്‍ ജാലിയന്‍വാലാബാഗ്, നിസ്സഹകരണസമരം, ഉപ്പുസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, നെഹ്‌റുവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനംവരെയുള്ള അതിപ്രധാനരംഗങ്ങള്‍ ചിത്രത്തിലുണ്ട്.

കോവിഡ് പ്രതിസന്ധി കാരണം പ്രത്യേകസുരക്ഷയൊരുക്കി വീട്ടിലും സ്‌കൂളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാത്തൂര്‍ സ്‌കൂളിലെ അധ്യാപകനായ ശശികുമാര്‍ കോട്ടായിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അധ്യാപകരും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് ചിത്രത്തിന്റെ വിജയമെന്ന് ശശികുമാര്‍ പറയുന്നു. പ്രധാനാധ്യാപകനായ വി. കൃഷ്ണാനന്ദന്റെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ ഏകോപനം. 

Content highlights : independence day celebration of primary school students create short film