തൃശ്ശൂർ: ആൺ-പെൺ കോശങ്ങൾ ഇടകലർന്ന് വരുന്ന അത്യപൂർവ പ്രതിഭാസവുമായി സിന്ദൂരത്തുമ്പി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര ഗവേഷണമേധാവി സുബിൻ കെ. ജോസ്, ഗവേഷകൻ വിവേക് ചന്ദ്രൻ എന്നിവരുടെ പഠനത്തിൽ 'ഗൈനാൻഡ്രോമോർഫിസം' എന്നറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് വ്യക്തമായി. ജനിതകവൈകല്യമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതേസമയം, ഇത്തരം ജീവികളെ പ്രകൃതിയിൽ അപൂർവമായേ കാണാറുള്ളൂ എന്ന് പഠനസംഘം പറയുന്നു.

മണ്ണാർക്കാട് കാരാക്കുത്ത് വീട്ടിൽ അജയ് കൃഷ്ണ എന്ന പത്താംക്ലാസ് വിദ്യാർഥിയാണ് തുമ്പിയെ ആദ്യം കാണുന്നത്. തുടർന്ന് ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുത്തി. പെൺവിഭാഗത്തിന്റേതുപോലെ മഞ്ഞനിറത്തിൽ കണ്ട തുമ്പിയുടെ വലതുകണ്ണിന്റെ പാതി, മറ്റുചില ഭാഗങ്ങൾ, വലതുചിറകുകളിലെ ഞരമ്പുകൾ എന്നിവ ആൺതുമ്പിയിലെന്നപോലെ പിങ്ക് കലർന്ന ചുവപ്പായിരുന്നു.

മണ്ണാർക്കാട്ട് കണ്ടെത്തിയ അപൂർവ സിന്ദൂരത്തുമ്പി

2019-ൽ ഇത്തരമൊരു വയൽത്തുമ്പിയെ തൃശ്ശൂർ കോൾനിലങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നാൽ, വിശദമായ പഠനം നടത്താനായില്ല. സ്വിറ്റ്സർലാൻഡുകാരനായ തുമ്പിഗവേഷകൻ ഹൻസ്രുവേദി വിൽഡർമുത്തിന്റെ സഹായത്തോടെ അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ 'ഓഡോണേറ്റോളൊജിക്ക'യിൽ അപൂർവ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content highlights :gynandromorphs phenomenon in animals curious seen in dragonfly