കേട്ടപാതി കേൾക്കാത്തപാതി ചിലരൊക്കെ ബൈനോക്കുലറും ടെലിസ്കോപ്പുമായി പുറത്തേക്കോടും, മാനത്ത് നോക്കും. വമ്പനെ കാണില്ല... ആരാണീ വമ്പൻ ? വമ്പൻ ഒരു വാൽനക്ഷത്രം തന്നെ.അതെ, സാധാരണ വാൽനക്ഷത്രത്തേക്കാൾ വളരെ വലിയ ഒരു പുള്ളി. ഇവൻ സൂര്യനടുത്തേക്ക് പാഞ്ഞുവരികയാണത്രെ. മാധ്യമങ്ങൾ വാർത്ത പരത്തിക്കൊടുത്തുകഴിഞ്ഞു. പക്ഷേ, ആരും ഭയക്കേണ്ട, അതങ്ങ് സൂര്യനടുത്തുകൂടെ കടന്നുപോകും.

എന്താണ് വാൽനക്ഷത്രം എന്ന് കൂട്ടുകാർക്കറിയാമോ ? സൗരയൂഥത്തിന്റെ വിദൂരതകളിൽനിന്ന് സൂര്യനടുത്തേക്ക് പാഞ്ഞടുക്കുന്ന ഹിമശിലാവസ്തുക്കളാണ് വാൽനക്ഷത്രങ്ങൾ. ഇവയിൽ മിക്കതും സൗരയൂഥത്തിലെ അതിർത്തിപ്രദേശമായ കുയിപ്പർ ബെൽറ്റിൽനിന്നോ വിദൂരപ്രദേശമായ ഊർട്ട് മേഘപടലത്തിൽനിന്നോ വരുന്നവയാണ്.

മിക്കതിനും തുടക്കത്തിൽ അഞ്ചോ പത്തോ കിലോമീറ്റർ വ്യാസമുള്ള ഒരു ന്യൂക്ലിയസ് കാണുക. സൂര്യന്റെ സമീപത്തേക്ക് നീങ്ങുമ്പോൾ അവയിലുള്ള ബാഷ്പശീലമുള്ള പദാർഥങ്ങൾ ഉരുകുകയും ന്യൂക്ലിയസിന് ചുറ്റും ഒരു വലിയ കോമ രൂപപ്പെടുകയും ചെയ്യും. വീണ്ടും സൂര്യനോട് അടുക്കുമ്പോൾ സൗരവാതമേറ്റ് അത് ഏറെക്കുറെ വാലായി രൂപാന്തരപ്പെടും. ഈ ഘട്ടത്തിലാണ് നാം വാലുള്ള വാൽനക്ഷത്രത്തെ കാണുന്നത്. ഇപ്പോൾ പറയപ്പെടുന്ന ഭീമൻ വാൽനക്ഷത്രം 2014-ൽ കണ്ടെത്തിയതാണ്. 2014 UN271 എന്ന് പേരിട്ടിരിക്കുന്ന ഈ വാൽനക്ഷത്രം 2031-ൽ മാത്രമേ ശനിക്കരികിൽത്തന്നെ എത്തുകയുള്ളൂ.

പിന്നെ ഇതിനിത്ര പ്രാധാന്യം എന്തെന്ന് ചോദിക്കാം. കാരണം സാധാരണ വാൽനക്ഷത്ര ന്യൂക്ലിയസ് 20 കിലോമീറ്റർ വരെയേ കാണാറുള്ളൂ. ഇതാകട്ടെ 370 കിലോമീറ്ററോളം വലുപ്പമുണ്ട്. ഏതായാലും ഈ വാൽനക്ഷത്രത്തെ സാധാരണഗതിയിൽ വെറും കണ്ണുകൊണ്ട് കാണാൻ എളുപ്പമല്ല. എന്നാൽ അതിനിടെ ഈ വിദൂര വിരുന്നുകാരനെ ഭൂമിയിലെ ബഹിരാകാശവാഹനങ്ങൾ അങ്ങോട്ട് ചെന്ന് കണ്ടുകൂടായ്കയില്ല. കാരണം കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഈ സൗരയൂഥം എങ്ങനെയായിരുന്നുവെന്ന് നമുക്കറിയണമെങ്കിൽ ഇങ്ങനെയുള്ള അതിഥികളുമായി ചില 'സല്ലാപങ്ങൾ' ഒക്കെ വേണ്ടിവരും.

(ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്)

Content highlights :giant comet named un271 2014 may pass sun in 2031