പാലക്കാട്: സൈലന്റ് വാലി വനമേഖലയില്‍ നടന്ന സര്‍വേയില്‍ നാല്പതിനം ഉഭയജീവികളെയും മുപ്പതിനം ഉരഗങ്ങളെയും കൂടുതലായി കണ്ടെത്തി. ഇതോടെ 'നിശ്ശബ്ദതാഴ്‌വര'യില്‍ ഇതുവരെ കണ്ടെത്തിയ ഉഭയജീവികളും ഉരഗജീവികളും 55 ഇനങ്ങള്‍ വീതമായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആരണ്യകം നേച്വര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.

'പാതാളത്തവള'യെന്ന ഇനം തവളകളെ ദേശീയോദ്യാനത്തിന്റെ മിക്ക പ്രദേശങ്ങളിലും കണ്ടെത്തി. കേരളത്തിന്റെ ഔദ്യോഗിക ഉഭയജീവിയാക്കാന്‍ പരിഗണിക്കപ്പെടുന്നതാണിവ. 'പൊന്മുടിത്തവള'യുള്‍പ്പെടെ സര്‍വേയില്‍ രേഖപ്പെടുത്തിയ പതിന്നാലിനം ഉഭയജീവികള്‍ വംശനാശഭീഷണി നേരിടുന്നവയാണ്. കേരളത്തില്‍ സാധാരണമായി കണ്ടുവരുന്ന ഇലത്തവളയായ വയനാടന്‍ കരിയിലത്തവള (വയനാട് ബുഷ് ഫ്രോഗ്), മാനന്തവാടി ഇലത്തവള, പൊന്മുടി ഇലത്തവള, ചിലപ്പന്മാര്‍ (ക്രിക്കറ്റ് ഫ്രോഗ്), രാത്തവള (നൈറ്റ് ഫ്രോഗ്), വടക്കന്‍ പച്ചോലന്‍ (മലബാര്‍ വൈന്‍ സ്‌നേക്ക്), നാട്ടുപല്ലി എന്നിവയും ദേശീയോദ്യാനത്തിലുണ്ട്.

malabar vine snake
വടക്കൻ പച്ചോലൻ (മലബാർ വൈൻ സ്നേക്)

മുമ്പ് സൈലന്റ് വാലിയിലെ അരുവികളിലും തോടുകളിലും ധാരാളമായി കണ്ടിരുന്ന പിലിഗിരിയന്‍ തവളകള്‍ (മിക്രിസാലസ് തവള) എണ്ണത്തില്‍ കുറഞ്ഞതായി സര്‍വേയില്‍ വ്യക്തമായി. സംസ്ഥാനത്തെ ബാധിച്ച രണ്ടു പ്രളയങ്ങളെത്തുടര്‍ന്ന് ഈ വിഭാഗം തവളകള്‍ക്ക് കുറവുവന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സൈലന്റ് വാലിയിലും കണ്ടെത്തിയത്.

സൈലന്റ് വാലി ദേശീയോദ്യാനത്തിലെ സൈലന്റ് വാലി, ഭവാനി റേഞ്ചുകളിലായി പതിനഞ്ച് ക്യാമ്പുകളിലായാണ് രാത്രിയും പകലും സര്‍വേ നടന്നത്. ഇതില്‍ ഭവാനി റേഞ്ചില്‍ കണക്കെടുപ്പ് ആദ്യമായിട്ടായിരുന്നു. ജൂലായ് 22 മുതല്‍ 25 വരെയായിരുന്നു സര്‍വേ. കേരള വെറ്ററിനറി സര്‍വകലാശാല, കെ.എഫ്.ആര്‍.ഐ, ഫോറസ്ട്രി കോളേജ്, കാലിക്കറ്റ് സര്‍വകലാശാല, പ്രകൃതിസംരക്ഷണസംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തകരും വനംവകുപ്പ് ജീവനക്കാരുമാണ് പങ്കെടുത്തത്.

Content highlights : found 40 amphibians and 30 reptiles species in silent valley forest area