കൊറോണ വൈറസിനെത്തുടര്‍ന്ന് ലോക്ഡൗണ്‍ വന്നപ്പോള്‍ എല്ലാവരും വീടുകളില്‍ അടച്ചിരുന്നു. കുട്ടികളാണ് ഏറ്റവുമധികം മടുപ്പ് അനുഭവിച്ചത്. പുറത്തു പോകാനോ സന്തോഷത്തോടെ കളിക്കാനോ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ പതുക്കെപ്പതുക്കെ പ്രശ്‌നത്തെ മറികടക്കാന്‍ കുട്ടികള്‍ ശ്രമിച്ചു. ക്രാഫ്റ്റും പാചകവും സര്‍ഗാത്മകമായ കഴിവുകളുമൊക്കെ അവര്‍ പുറത്തെടുത്തു. അഞ്ചു വയസുകാരിയായ പ്രേഷ കെമാനി എന്ന കൊച്ചുമിടുക്കി വ്യത്യസ്തമായ ചില കാര്യങ്ങള്‍ പഠിക്കാനാണ് ശ്രമിച്ചത്. 

അങ്ങനെ ഇന്ത്യ ബുക്ക് ലോക റെക്കോഡും ഈ മിടുക്കി കരസ്ഥമാക്കി. 150 രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ പേരും പതാകയും 4 മിനിറ്റ് 17 സെക്കന്റില്‍ തിരിച്ചറിഞ്ഞാണ് പ്രേഷ റെക്കോഡ് സ്വന്തമാക്കിയത്. രാജസ്ഥാനിലെ ഉജ്ജയിന്‍ സ്വദേശിയാണ് പ്രേഷ. അമ്മയുടെ സുഹൃത്തുക്കള്‍ പ്രേഷയ്ക്ക് സമ്മാനിച്ച പുസ്തകങ്ങളാണ് ജ്യോഗ്രഫിയോടും വിവിധ രാജ്യങ്ങളിലെ പതാകകളോടും താല്പര്യം തോന്നാന്‍ കാരണമായത്. 

പല രാജ്യങ്ങളുടെയും വര്‍ണാഭമായ പതാകകള്‍ പ്രേഷയില്‍ താല്പര്യം ജനിപ്പിക്കുകയും അവ ഏതെല്ലാം രാജ്യങ്ങളുടേതാണെന്ന് അറിയാന്‍ ആകാംക്ഷയുണ്ടാകുകയുമായിരുന്നു. അമ്മയ്ക്ക് ജ്യോഗ്രഫിയിലുള്ള താല്പര്യവും പ്രേഷയ്ക്ക് തുണയായി. ലോക റെക്കോഡ് ഒരു തുടക്കം മാത്രമാണ് പ്രേഷയ്ക്ക്. ഓരോ രാജ്യത്തിന്റേയും കറന്‍സിയുടെ പേരും ഭാഷകളും പ്രധാന മന്ത്രിമാരേയും പ്രസിഡന്റുമാരെയുമെല്ലാം അറിയുക എന്നതാണ് പ്രേഷയുടെ അടുത്ത ലക്ഷ്യം.

Content highlights : Five year old girl presha identify flags and capitals and get a world record