75 കിലോ തൂക്കമുള്ള പേന. നീളം മൂന്നുമീറ്റർ. കോഴിക്കോട് താമരശ്ശേരി കൂടത്തായി എജ്യുപാർക്ക് ഹിൽവ്യൂ ഇന്റർനാഷണൽ സ്കൂളിലെ കുട്ടികൾ കോവിഡ് ലോക്ഡൗൺ കാലത്ത് ഒരുക്കിയ പേന ഗിന്നസ് ബുക്കിൽ ഇടംനേടി. പി.വി.സി., ജി.ഐ. പൈപ്പ്, തടി, സ്പോഞ്ച്, തുടങ്ങിയവ ഉപയോഗിച്ചാണ് പേന നിർമിച്ചത്. ഒരുലിറ്റർ മഷി ഒഴിക്കാം. പതിനഞ്ചോളം വിദ്യാർഥികളുടെ ഒരുമാസത്തെ കഠിനപ്രയത്നം. എടുത്താൽ പൊങ്ങാത്ത ഈ പേന പല ഭാഗങ്ങളായി വേർതിരിക്കാവുന്നതാണ്.

പഠനം, എഴുത്ത്, വായന എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്നതിനും കുട്ടികളുടെ സർഗശേഷി വർധിപ്പിക്കുന്നതിനുമാണ് വലിയ പേന നിർമിച്ചതെന്ന് പ്രിൻസിപ്പൽ സൂസൻ മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു.

ആശയം കുട്ടികളുടേത് തന്നെയായിരുന്നു. പേന ഇനി സ്കൂൾ മ്യൂസിയത്തിൽ സൂക്ഷിക്കും. അടുത്തതായി ഹെലികോപ്ടർ മാതൃക നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. സ്കൂൾ അഡ്മിനിസ്ട്രേറ്റർ എൽസി മാത്യു, വിദ്യാർഥിനികളായ ടി.കെ. അഭിന, എൻ.സി. ജിഹാന എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content highlights :edupark hilview international school students made 75 kg weighs pen get a guiness record