തെക്കെവയനാടൻ മലനിരകളിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് 156 ഇനം പക്ഷികളെ. തെക്കെവയനാട് വനംഡിവിഷനും ഹ്യൂം സെന്റർ ഫോർ എക്കോളജിയും നടത്തിയ സർവേയിലാണ് ഇത്രയും ഇനം പക്ഷികളെ കണ്ടെത്തിയത്.

വെള്ളരിമല, കട്ടിപ്പാറ, തൊള്ളായിരംമല, കാട്ടിമറ്റം, എളമ്പിലേരിമല, അരണമല, ചെമ്പ്രമല, കാർഗിൽ, ലക്കിടി, മണ്ടമല, അമ്പമല, വണ്ണാത്തിമല, കുറിച്യർമല, അട്ടമല എന്നിവിടങ്ങളിലായിരുന്നു സർവേ.

സമുദ്രനിരപ്പിൽനിന്ന് 6000 അടിവരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലത്തലപ്പുകളിൽ (ആകാശദ്വീപ്)മാത്രം കാണുന്ന ബാണാസുര ചിലപ്പൻപക്ഷിയുടെ ആവാസവ്യവസ്ഥ കേന്ദ്രീകരിച്ചായിരുന്നു സർവേ. വംശനാശ ഭീഷണി നേരിടുന്നവയാണ് ബാണാസുര ചിലപ്പൻപക്ഷികൾ. തെക്കെ വയനാട് ഡി.എഫ്.ഒ. പി. രഞ്ജിത്ത്‌കുമാർ, ഹ്യൂം സെന്റർ ഫോർ എക്കോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൂന്നുദിവസത്തെ സർവേ.

bird in wayand15 തരം പരുന്തുകളും ഏഴിനം മൂങ്ങകളും 11 തരം പാറ്റപിടിയൻമാരും എട്ടിനം ചിലപ്പൻ പക്ഷികളും ഏഴുതരം മരംകൊത്തികളും കണ്ടെത്തിയതിൽ ഉൾപ്പെടും. 2007-ലായിരുന്നു ഇതിനുമുമ്പ് തെക്കെവയനാട്ടിൽ പക്ഷിസർവേ നടന്നത്.

മണ്ടമലയിൽ പുല്ലുപ്പൻ

തെക്കെവയനാട്ടിൽ ആദ്യമായി പുല്ലുപ്പൻ പക്ഷിയെ മണ്ടമലയിൽ കണ്ടു. ഏഷ്യൻ ബ്രൗൺ ഫ്ളൈക്യാച്ചർ പക്ഷിയുടെ പ്രജനനവും സർവേ ടീമിന് നിരീക്ഷിക്കാനായി. പൊതുവേ മധ്യ ഇന്ത്യയിൽമാത്രമാണ് ഈ പക്ഷികൾ കൂടുകൂട്ടുക. ആദ്യമായാണ് വയനാട്ടിൽ ഇവ കൂടുകൂട്ടുന്നത് കണ്ടെത്തുന്നത്. പശ്ചിമഘട്ടത്തിൽമാത്രം കാണുന്ന സ്ഥാനീയപക്ഷികളിൽ 13 ഇനങ്ങളെയും ലോകത്ത് വംശനാശഭീഷണി നേരിടുന്ന രണ്ടിനം പക്ഷികളെയും കണ്ടെത്തി. ചെമ്പൻ ഏറിയൻ, ബോണല്ലി പരുന്ത്, വെള്ളിക്കണ്ണി പരുന്ത്, കിന്നരി പരുന്ത്, കാക്കമരംകൊത്തി, പാറനിരങ്ങൻ, നെൽപൊട്ടൻ എന്നിവയെയും കണ്ടെത്തിയിട്ടുണ്ട്.

40 പേരാണ് സർവേയിൽ പങ്കെടുത്തത്. വിവിധ കേന്ദ്രങ്ങളിൽ റെയ്ഞ്ച് ഓഫീസർ കെ.ജെ. ജോസ്, പക്ഷി നിരീക്ഷകരായ കെ.ജി. ദിലീപ്, ആർ.എൽ. രതീഷ്, ഇ.എസ്. പ്രവീൺ, കെ. മനോജ് എന്നിവർ പങ്കെടുത്തു.

Content highlights :discovered 150 species of birds in south wayanad