നീരാളികളുടെ കൂട്ടത്തിൽ ഒരു വ്യത്യസ്തനുണ്ട്. പുതപ്പുനീരാളി അഥവാ Blanket octopus. കാഴ്ചയിൽ ഒരു കസവുസാരിയാണെന്ന് തോന്നിപ്പിക്കുന്ന ഇനമാണ് ഇത്. കടലിനടിയിലൂടെ സാരിപോലെയുള്ള ശരീരം വീശി ഇവ പോകുന്നതുതന്നെ പുതിയ ഒരു കാഴ്ചാനുഭവമാണ്. ഇവയുടെ ആണും പെണ്ണും തമ്മിലുള്ള വലുപ്പവ്യത്യാസം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
ആൺ നീരാളിയേക്കാളും നൂറിരട്ടിയോളം വലുപ്പവും 40000 ഇരട്ടി ഭാരവും കാണും പെൺനീരാളിക്ക്. രണ്ടു സെന്റീമീറ്ററാണ് ആൺനീരാളിയുടെ ഏകദേശ വലുപ്പം. പെണ്ണിനോ ? രണ്ട് മീറ്ററും! ശത്രുക്കളെ നേരിടേണ്ടി വരുമ്പോൾ പെൺനീരാളികൾ തങ്ങളുടെ ശരീരം പുതപ്പുപോലെ വിടർത്തും. അതു കാണുമ്പോൾ ശത്രുക്കൾ അമ്പരന്ന് സ്ഥലം കാലിയാക്കുകയും ചെയ്യും!
ഇങ്ങനെ ഒരേ ജീവിവർഗത്തിലെ ആണും പെണ്ണും രൂപംകൊണ്ടും വലുപ്പംകൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നതിനെ ആൺപെൺ രൂപവ്യത്യാസം (Sexual Diamorphism) എന്നാണ് പറയുക. പൂവൻകോഴി, പിടക്കോഴി, ആൺമയിൽ-പെൺമയിൽ തുടങ്ങിയ പക്ഷികളിലുള്ള രൂപവ്യത്യാസം പോലെത്തന്നെ. ആൺ-പെൺ രൂപവ്യത്യാസം ഏറ്റവും കൂടുതലുള്ള ജീവികളിലൊന്നാണ് Blanket octopus. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
Content highlights :different species octopus like blanket with most powerful abilities