നാലുകാലിന്റെ അപൂര്‍വതയുമായി ജനിച്ച കോഴിക്കുഞ്ഞ് നാട്ടുകാര്‍ക്കിടയില്‍ കൗതുകമാകുന്നു. വടവന്നൂര്‍ മന്ദം സ്‌കൂളിനുസമീപം കൊക്കരണിപ്പാടത്തെ ഫറൂഖിന്റെ വീട്ടിലാണ് അപൂര്‍വതയുള്ള കോഴിക്കുഞ്ഞ് വളരുന്നത്.

നാലുകാലുകളുണ്ടെങ്കിലും മുന്നിലെ രണ്ടെണ്ണം മാത്രമാണ് നടക്കാനായി ഉപയോഗിക്കുന്നത്. ഡിസംബര്‍ 31-ന് വൈകീട്ട് വിരിഞ്ഞ ഒമ്പത് കോഴിക്കുഞ്ഞുങ്ങളില്‍ ഉള്‍പ്പെട്ട നാലുകാലുള്ള ഈ കുഞ്ഞിനെ പുതുവര്‍ഷ സമ്മാനമായാണ് ഫറൂക്കും ഭാര്യ ഷെഫീറയും കാണുന്നത്. റിയാദില്‍ അഞ്ചുവര്‍ഷം മെക്കാനിക്കായിരുന്ന ഫറൂഖ് ഇപ്പോള്‍ പാലക്കാട്ട് ഓട്ടോ ഡ്രൈവറാണ്. കോഴിവളര്‍ത്തല്‍ ഉപതൊഴിലായി കൊണ്ടുനടത്തുന്ന ഇവരുടെ വീട്ടില്‍ ഇപ്പോള്‍ തൊണ്ണൂറോളം കോഴികളുണ്ട്.

ഫറൂക്കിന്റെ മക്കളായ ഫര്‍ണിത, ഫാത്തിമ, ഫഹദ് എന്നിവരാണ് കുഞ്ഞന്‍കോഴിയുടെ ഇപ്പോഴത്തെ പരിപാലകര്‍. വലുതായാലും കോഴിയെ കൊല്ലുകയോ വില്‍ക്കുകയോ ചെയ്യില്ലെന്ന് ഫറൂക്ക് പറഞ്ഞു.

Content highlights :  Curiously four-legged chick in vadavannur palakkad