മൂന്ന് വയസില്‍ കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ കൂട്ടി വായിക്കാനും അത് വാചകങ്ങളാക്കി പറയാനും കഴിയുമോ എന്ന സംശയമൊക്കെ ഇന്ന് പഴങ്കഥയായി തുടങ്ങിയിരിക്കുന്നു. പുതിയ തലമുറയിലെ കുട്ടികള്‍ വളരെ വേഗത്തില്‍ വാക്കുകള്‍ മനസിലാക്കുകയും അത് രസകരമായി അവതരിപ്പിക്കുകയും ചെയ്യുന്നത് സാധാരണമായ കാര്യമായിരിക്കുന്നു. മൂന്ന് വയസില്‍ ഒരു പുസ്തകവുമെഴുതി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ക്രിസീസ് നൈറ്റ് എന്ന മിടുക്കി. ക്രിസീസ് എഴുതിയ ദി ഗ്രേറ്റ് ബിഗ് ലയണ്‍ (The great big lion) എന്ന പുസ്തകം അടുത്തിടെ ഇന്ത്യയിലും പ്രകാശനം ചെയ്തു. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് ഇന്ത്യയിലെ പ്രസാധകര്‍. എഴുത്തിനൊപ്പം ക്രിസീസിന്റെ വരയും കൂടി ചേര്‍ന്നപ്പോള്‍ പുതുമ നിറഞ്ഞ ഒരു വായനാനുഭവം പുസ്തകം സമ്മാനിക്കുന്നു. 

ഒരു സിംഹത്തിന്റെയും രണ്ട് മക്കളുടെയും കഥയാണ് പുസ്തകം പറയുന്നത്. സൗഹൃദത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും പ്രാധാന്യം കൂടി ചേര്‍ന്നുവരുന്നതാണ് കഥ. ഭാവനയുടെ തികച്ചും വ്യത്യസ്തമായ, നൂതനമായ ഒരു ലോകമാണ് ക്രിസീസ് എഴുതിവെക്കുന്നത്. കാനഡയിലാണ് ക്രിസീസ് താമസിക്കുന്നത്. ഒരു വയസുമുതല്‍ ക്രിസീസ് പുസ്തകവായന തുടങ്ങി. ജെ.കെ. റൗളിംഗ്, റോബെര്‍ട്ട് ലൂയിസ് സ്റ്റീവെന്‍സന്‍ എന്നിവരുടെ കഥപറച്ചില്‍രീതി ക്രിസീസിനെ വലിയ രീതിയില്‍ സ്വാധീനിക്കുകയുണ്ടായി. തുടര്‍ന്ന് തന്റേതായ രീതിയില്‍ കഥ പറയാന്‍ ഈ മിടുക്കി ശ്രമം തുടങ്ങി. 

Chryseis Knight

മൂന്നു വയസ്സില്‍ ദി ഗ്രേറ്റ് ബിഗ് ലയണ്‍ നോട്ടുബുക്കില്‍ എഴുതി തുടങ്ങി. ഇപ്പോള്‍ ഏഴ് വയസ്സില്‍ എത്തിനില്‍ക്കുന്ന ക്രിസീസ് എഴുത്തിലെ മാന്ത്രികതകൊണ്ട് കുട്ടികള്‍ക്കെല്ലാം പ്രചോദനമായിത്തീരുന്നു. 'ക്രിസീസ് മൂന്നു വയസില്‍ എഴുതിയ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഓരോ വളര്‍ച്ചയിലും എഴുത്തിനെയും ഒപ്പം കൂട്ടാന്‍ അവള്‍ക്ക് കഴിയുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് കമ്മീഷനിംഗ് എഡിറ്റര്‍ അര്‍പിത നാഥ് പറഞ്ഞു. ബോര്‍ഡ് ബുക്ക് എന്ന പ്രസാധകര്‍ ആണ് ഈ പുസ്തകത്തിന്റെ ഒറിജിനല്‍ പ്രസാധകര്‍.

Content highlights :  Chryseis knight book the great big lion writes at the age of three released in india