ഴ പെയ്ത് മണ്ണ് തണുത്തതോടെ കടമ്പ് മരങ്ങള്‍ പൂത്തുതുടങ്ങി. കൊറോണ വൈറസിനെ ഓര്‍മിപ്പിക്കുന്ന പൂക്കള്‍ കൂടിയായതോടെ കടമ്പിന്റെ പൂക്കാലം ആഘോഷിക്കുകയാണ് കുട്ടികളും യുവാക്കളുമൊക്കെ. പുഴയോരങ്ങളിലും തോടരികിലുമെല്ലാം മോഹിപ്പിക്കുന്ന പൂക്കാഴ്ചയുണ്ട്. പൂക്കളുടെ പടമെടുത്ത് 'കൊറോണപ്പൂവെന്ന' പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരും കുറവല്ല. കോവിഡ് വ്യാപനം കൂടിയ കാലത്ത് താരമാവുകയാണ് ഈ പൂവ്.

കണ്ണൂർ ചപ്പാരപ്പടവിലെ പുഴക്കരയില്‍ നൂറുക്കണക്കിന് മരങ്ങളാണ് പൂത്തുനില്‍ക്കുന്നത്. പാലത്തിനോടുചേര്‍ന്നും ജപ്പാന്‍ കുടിവെള്ള പൈപ്പ് കടന്നുപോകുന്ന ഭാഗത്തും ധാരാളം മരങ്ങളുണ്ട്. തടിക്കടവ് പാലത്തിനോടുചേര്‍ന്നുള്ള മരങ്ങളിലും നിറയെ പൂക്കളുണ്ട്. മംഗര, പെരുമളാബാദ്, കൂവേരി, തേറണ്ടി, കൊട്ടക്കാനം, കാട്ടാമ്പള്ളി എന്നിവിടങ്ങളിലെ കരകളിലും പൂത്ത കടമ്പുകള്‍ കാണാം.

മഞ്ഞക്കടമ്പെന്നാണ് പഴയ തലമുറയില്‍പ്പെട്ടവര്‍ വിളിക്കുന്നത്. പന്തുപോലെ മൊട്ടുകള്‍ മാസങ്ങളോളം മരത്തില്‍ തൂങ്ങിനില്‍ക്കും. മഴയെത്തുന്നതോടെ പൂവിടും. മഴയോടുള്ള കടമ്പിന്റെ ചങ്ങാത്തം ശ്രദ്ധേയമാണ്. വെള്ളകലര്‍ന്ന ഓറഞ്ച് നിറമാണ് പൂക്കള്‍ക്ക്. പന്തിനു മുകളിലുള്ള കുഞ്ഞുപൂക്കള്‍ തേനീച്ചകള്‍ക്ക് ഏറെ പ്രിയങ്കരം. വണ്ടുകളെയും പൂമ്പാറ്റകളെയുമൊക്കെ പൂത്ത കടമ്പിനു ചുറ്റും കാണാം. ജലാശയങ്ങളുടെ തീരത്തും നനവാര്‍ന്ന നിത്യഹരിതവനങ്ങളിലുമാണ് കടമ്പ് വളരുന്നത്. ആറ്റുതേക്ക്, കദംബ തുടങ്ങിയ പേരിലും അറിയപ്പെടുന്നു. ടെന്നീസ് പന്തിന്റെ ആകൃതിയുള്ളതിനാല്‍ 'ടെന്നിസ് ബോള്‍ ട്രീ'യെന്ന പേരും പ്രചാരത്തിലുണ്ട്. നിയോ ലാമാര്‍ക്കിയ കടംബ എന്നാണ് ശാസ്ത്രനാമം. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കള്‍ ഉണ്ടാകാറുണ്ട്. ഒക്ടോബറിലാണ് ഫലങ്ങള്‍ പാകമാകുന്നത്.

kadambu

പുരാണങ്ങളിലെ പ്രിയ മരം

പുരാണങ്ങളിലെ പ്രിയപ്പെട്ട മരമാണ് കടമ്പ്. കൃഷ്ണനുമായി ബന്ധപ്പെട്ടുതന്നെ നിരവധി കഥകളുണ്ട്. കാളിയനെ മര്‍ദിക്കാന്‍ കടമ്പ് മരത്തില്‍നിന്നാണ് കൃഷ്ണന്‍ കാളിന്ദിയിലേക്ക് ചാടിയത്. പക്ഷിരാജാവായ ഗരുഡന്‍ ദേവലോകത്തുനിന്ന് അമൃതുമായി വരുംവഴി യമുനാ നദിക്കരയിലെ കടമ്പ് മരത്തിലാണ് വിശ്രമിച്ചത്. ആ സമയം കുറച്ച് അമൃത് മരത്തില്‍ വീഴാനിടയായി. കാളിയന്റെ വിഷമേറ്റ് യമുനയുടെ തീരത്തെ സസ്യങ്ങള്‍ ഉണങ്ങിയപ്പോള്‍ കടമ്പുമരം മാത്രം ബാക്കിയായി. അമൃത് വീണതിനാലാണ് കടമ്പ് മരം ഉണങ്ങാതിരുന്നതെന്നാണ് വിശ്വാസം.

Content highlights : Burflower tree blossomed like corona virus shaped