ബുദാബി : മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ ഇക്കാലത്ത് വളരെ വിരളമായിരിക്കും. റിങ്ടോണുകള്‍ കേട്ടയുടന്‍ ചാടിയെണീറ്റ് ഫോണെടുക്കുന്ന നമ്മളില്‍ എത്രപേര്‍ക്ക് മറ്റൊന്ന് കേട്ടാല്‍ ഏതു മൊബൈലിന്റെയായിരിക്കുമെന്ന് പറയാന്‍ പറ്റും?

അത്തരമൊരു ധാരണയുടെ ആവശ്യമെന്താണെന്ന ചോദ്യമിരിക്കെത്തന്നെ അവ മനസ്സിലാക്കുകവഴി ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംനേടിയ ഒരു മിടുക്കനെ പരിചയപ്പെടാം.

ഷാര്‍ജ അമിറ്റി പ്രൈവറ്റ് സ്‌കൂള്‍ കെ.ജി 2-ല്‍ പഠിക്കുന്ന ആഷര്‍ നിധിന്‍ തോമസ് കുറാകര്‍ ആണ് ആ മിടുക്കന്‍. 35 മൊബൈല്‍ ബ്രാന്‍ഡുകളുടെ ഔദ്യോഗിക റിങ്ടോണുകള്‍ 2.3 മിനിറ്റുകൊണ്ട് തിരിച്ചറിഞ്ഞാണ് ആഷര്‍ ഈ നേട്ടം കരസ്ഥമാക്കിയത്.

ലോക്ഡൗണ്‍ നാളുകളിലെ മകന്റെ ചില അഭിരുചികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച പിതാവ് നിധിന്‍ ജിയോ തോമസും മാതാവ് സിനി മേരി തോമസുമാണ് ഇത് കണ്ടെത്തിയത്. കൗതുകകരമായ ഈ കഴിവ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയുടെ നിയമാവലികള്‍ പാലിച്ചുകൊണ്ട് അവതരിപ്പിച്ചപ്പോഴാണ് നേട്ടങ്ങള്‍ തേടിയെത്തുന്നത്. ഓരോ കാര്യങ്ങളിലും ഏറെ സൂക്ഷ്മമായ പരിശോധനയാണ് ആഷറിനുള്ളത്. ലോഗോ കണ്ടാല്‍ 200 കാര്‍ ബ്രാന്‍ഡുകളുടെ പേര് ഈ മിടുക്കന്‍ പെട്ടെന്ന് പറയും.

അത്രയൊന്നും പരിചിതമല്ലാത്ത ലോഗോകളും എങ്ങനെ തിരിച്ചറിയുന്നുവെന്ന് ചോദിക്കുമ്പോള്‍ നിഷ്‌കളങ്കമായ ചിരിയും കളിയുമാണ് ആഷറിന്റെ മറുപടി.

കൊട്ടാരക്കര കരിക്കം സ്വദേശികളായ ആഷറിന്റെ രക്ഷിതാക്കള്‍ ഏഴുവര്‍ഷമായി യു. എ.ഇയിലുണ്ട്.

ജനിച്ച അന്നുമുതല്‍ യു. എ.ഇ. നിരത്തുകളില്‍നിന്നും കണ്ട കാഴ്ചകളാവും മകന്റെ വേറിട്ട കഴിവിനെ സ്വാധീനിച്ചിരിക്കുകയെന്ന് നിധിനും സിനിയും പറയുന്നു.

Content highlights : asher nithin thomas malayali boy achieve asia book of records