ദ്യകേൾവിയിൽ ചില സത്യങ്ങൾ കെട്ടുകഥയായി, വെറും സങ്കൽപമായി തോന്നാം. ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ അടുത്തിടെ നടത്തിയ ഒരു കണ്ടെത്തലിൽ ഏകദേശം ആയിരം വർഷം പഴക്കമുള്ള കോഴിമുട്ട കണ്ടെത്തിയത് വിശ്വസിക്കാൻ ചിലപ്പോൾ പ്രയാസമാകും. സംഗതി സത്യമാണ്. മുട്ടയുടെ തോടിന് ചെറിയ ചില പൊട്ടലുകൾ കണ്ടെങ്കിലും പൂർണമായും അടർന്നിട്ടില്ല മുട്ടത്തോട്. ഇസ്രായേൽ ആന്റിക്വിറ്റി അതോറിറ്റി (IAA)യിൽ നിന്നുള്ള പുരാവസ്തു ഗവേഷകരുടെ സംഘമാണ് അസാധാരണമായ കണ്ടെത്തൽ നടത്തിയത്. ഇസ്രായേലിലെ യാവ്നെ പട്ടണത്തിലെ പുരാവസ്തു ഖനനത്തിനിടെയാണ് ഈ കണ്ടെത്തൽ.

പുരാതനമായ ഒരു മാലിന്യക്കുഴിയിൽനിന്നാണ് കോഴിമുട്ട കണ്ടെത്തിയത്. ഇസ്രായേലിന്റെ പല ഭാഗങ്ങളിൽനിന്നും മുമ്പ് പുരാതനമായ മുട്ടത്തോടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പൊട്ടാത്ത മുട്ട ആദ്യമായിട്ടാണ് ലഭിക്കുന്നത്. ഇത് ശാസ്ത്രജ്ഞരെയെല്ലാം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മുട്ടയുടെയുള്ളിൽ ചെറിയ അളവിൽ മഞ്ഞക്കരു ഉണ്ടായിരുന്നു. ആറ് സെന്റീമീറ്റർ വലുപ്പമുണ്ടായിരുന്നു മുട്ടയ്ക്ക്.

മാലിന്യങ്ങൾ നിറഞ്ഞ കുഴിയിൽ ഈ മുട്ട എങ്ങനെ വന്നുവെന്നതാണ് ഇപ്പോഴും ശാസ്ത്രജ്ഞർക്ക് പിടികിട്ടാത്ത കാര്യം. 2,300 വർഷങ്ങൾക്ക് മുമ്പ് ഇസ്രായേലിൽ കോഴി ഫാമിങ് ഉണ്ടായിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ആർക്കിയോളജിസ്റ്റുകളായ അല്ല നഗോർസ്കി, ഡോ. ലീ പെറി ഗാൽ എന്നിവരാണ് കണ്ടെത്തലിന് നേതൃത്വം നൽകിയത്.

Content highlights :archaeologist team in israeil discovered unbroken chicken egg thousand years old