കൊച്ചി: സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തതിനാല്‍ പഠനം മുടങ്ങിയിരിക്കുന്ന ഒട്ടേറെ കുട്ടികള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ ഇനി ഇക്കാരണംകൊണ്ട് പഠനം മുടങ്ങുന്ന അവസ്ഥ നമ്മുടെ കുട്ടികള്‍ക്കുണ്ടാകില്ല. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ എത്തിക്കുന്ന നൂതന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് നടന്‍ മമ്മൂട്ടി. വീടുകളില്‍ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് അദ്ദേഹം പറയുന്നത്.

'സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.'മമ്മൂട്ടി പറഞ്ഞു.  

സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു സഹായകമായ ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒരു കവറിലക്കി തൊട്ടടുത്തുള്ള 'സ്പീഡ് ആന്‍ഡ് സേഫ് ' കൊറിയര്‍ ഓഫീസില്‍ എത്തിച്ചാല്‍ മാത്രം മതി. കൊറിയര്‍ ഓഫീസില്‍ ഒരു ഡിക്ലറേഷന്‍ കൂടി കൊടുത്തുകഴിഞ്ഞാല്‍ ദാതാവിന് സൗജന്യമായി മൊബൈല്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഓഫീസിലേക്ക് അയക്കാവുന്നതാണ്. അവിടെ ലഭിക്കുന്ന മൊബൈലുകള്‍ മുന്‍ഗണനാക്രമത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചു കൊടുക്കും.

പദ്ധതിക്ക് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ പിന്തുണയുമുണ്ട്. കൊറിയര്‍ ഓഫീസില്‍ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്കും ആരോഗ്യ പ്രശ്‌നം ഉള്ള ദാതാക്കളേയും ഫാന്‍സ് അംഗങ്ങള്‍ സഹായിക്കും. അവര്‍ പ്രസ്തുത വീടുകളില്‍ എത്തി ഉപകരണങ്ങള്‍ ശേഖരിച്ചു തുടര്‍ നടപടികള്‍ക്ക് സഹായിക്കും. ലഭിക്കുന്ന മൊബൈലുകള്‍ക്ക് കൃത്യമായി രസീത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ പങ്കെടുക്കനോ സംശയങ്ങള്‍ക്കോ അനൂപ് +919961900522, അരുണ്‍ +917034634369, ഷാനവാസ് +919447991144, വിനോദ്+919446877131, അന്‍ഷാദ് +918891155911, ഹമീദ് +919946300800 എന്നിവരെ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാം. ആദിവാസി മേഖലകളില്‍ നിന്നും നിര്‍ദ്ധന കുടുംബങ്ങളില്‍ നിന്നുമായി നൂറു കണക്കിന് അഭ്യര്‍ത്ഥനകള്‍ ഇതിനോടകം കെയര്‍ ആന്‍ഡ് ഷെയറിനു ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തിര പ്രാധാന്യത്തോടെ ഈ പദ്ധതി നടപ്പാക്കുന്നത്.

Content highlights : actor mammootty help students in online class with smartphone