മൂന്നാർ ടൗണിൽനിന്ന് മൃദുലാമുരളി പകർത്തിയ മഴവിൽ പാമ്പിന്റെ ചിത്രം
കൊച്ചി : മാരിവില്ലഴകിലൊരു പാമ്പ്. മൂന്നാർ ടൗണിനോടുചേർന്ന പാറക്കൂട്ടങ്ങളിൽനിന്ന് അപൂർവമായ ആ അഴകിന്റെ പടം ക്യാമറയിൽ പതിഞ്ഞു. തൃശ്ശൂർ സ്വദേശി മൃദുലാ മുരളിയാണ് മഴവിൽപാമ്പിനെ ക്യാമറയിലാക്കിയത്. മണ്ണിനടിയിൽ കഴിയുകയും രാത്രികാലങ്ങളിൽമാത്രം പുറത്തുവരുകയും ചെയ്യുന്ന ഈ പാമ്പിന്റെ ചിത്രം അപൂർവമായേ ലഭിക്കാറുള്ളൂ.
മെലാനോഫിഡിയം (Melanophidium) വർഗത്തിൽപ്പെട്ട ഇവ ഷീൽഡ് ടെയിൽ സ്നേക്ക്സ് എന്ന പൊതുവിഭാഗത്തിലും ഉൾപ്പെടുന്നു. വിഷമില്ലാത്ത ഈ ജാതിയിലെ നാലിനങ്ങളെ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. മൂന്നാറിൽമാത്രം കാണപ്പെടുന്ന തവളകളുടെ ചിത്രങ്ങളെടുക്കുന്നതിനിടെയാണ് മൃദുലയും ഭർത്താവ് മുരളിയുമടങ്ങുന്ന സംഘത്തിന് മഴവിൽപാമ്പിന്റെ ചിത്രം ലഭിച്ചത്. ഈ പാമ്പുകളിലെ ആദ്യയിനമായ 'വിയനാടുൻസെ'യെക്കുറിച്ച് രേഖപ്പെടുത്തിയത് 1863-ൽ ആയിരുന്നു. വയനാടുമുതൽ കർണാടക അഗുമ്പെവരെയുള്ള പ്രദേശത്ത് കാണുന്നു എന്നാണ് അന്ന് കണ്ടെത്തിയത്.
പിന്നീട് 1870-ൽ മാനന്തവാടിയിൽ കറുത്ത ഇരട്ടവരയനായ 'ബിലിനിയേറ്റം' കണ്ടെത്തി. പുള്ളിക്കുത്തുള്ള ഇനമായ 'പംക്റ്റാറ്റം' 1871-ൽ തമിഴ്നാട് ആനമല ഭാഗത്താണ് കണ്ടെത്തിയത്. ഒടുവിൽ 144 വർഷങ്ങൾക്കുശേഷം 2016-ൽ ഗോവ-മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് നാലാമത്തെ ഇനത്തെ കണ്ടെത്തി. 'മെലാനോഫിഡിയം ഖായിറിനോട് സമാനമാണ് ഇപ്പോൾ മൂന്നാറിൽ കണ്ടെത്തിയിരിക്കുന്ന പാമ്പ്. അതേസമയം, ഇതിനുമുൻപ് പെരിയാർ കടുവസങ്കേതത്തിൽനിന്നും പീരുമേട് കുട്ടിക്കാനം പ്രദേശത്തുനിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ടെന്ന് ഉരഗ ഗവേഷകൻ സന്ദീപ് ദാസ് പറഞ്ഞു.
Content highlights :a rare snake species named melanophidium with rainbow colour found in munnar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..