ചപ്പാത്തി
ഇന്ന് ഹംഗറിയിലാണെങ്കിൽ നാളെ സെർബിയയിൽ, അടുത്ത ദിവസം ഇറ്റലിയിലെ വെനീസിൽ. ഇങ്ങനെ ലോകം ചുറ്റി നടക്കുന്ന യാത്രാ പ്രാന്തൻമാരെക്കുറിച്ചു നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഇവരുടെ ചുറ്റിയടികൾക്ക് ആരാധകരും ഏറെയുണ്ട്. എന്നാൽ മനുഷ്യർക്കു മാത്രമല്ല സഞ്ചാരികളാകാൻ കഴിയുന്നതെന്ന് 'ട്രാവലിങ്ഡോഗ് ചപ്പാത്തി' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കിയാൽ മനസ്സിലാകും. ചപ്പാത്തി ആളൊരു നാടൻ നായയാണ്. തനി കേരളീയൻ. ജനിച്ചതും കുറച്ചുനാൾ വളർന്നതും നമ്മുടെ ഫോർട്ട് കൊച്ചിയിൽ. ഇന്നിവന് ലോകത്തിന്റെ പല ഭാഗത്തും ആരാധകരുണ്ട്. ഒപ്പം ചില റെക്കോഡുകളും.
ഫോർട്ട്കൊച്ചിയുടെ തെരുവിൽ നിന്നാണു യുക്രൈൻ ദമ്പതിമാർ ഈ നായ്ക്കുട്ടിയെ ഒപ്പം കൂട്ടിയത്. തങ്ങളുടെ ഇഷ്ടഭക്ഷണമായ ചപ്പാത്തി എന്നുതന്നെ പേരുമിട്ടു. അവരുടെ സ്നേഹച്ചിറകിൽ ചപ്പാത്തി ആദ്യം എത്തിയതു മുംബൈയിൽ. പിന്നീട് യാത്രകളുടെ പരമ്പര തന്നെയായിരുന്നു. ഏഷ്യയിലും യൂറോപ്പിലുമായി സഞ്ചാരികളുടെ മനം കവരുന്ന മുപ്പതിലധികം രാജ്യങ്ങൾ പിന്നിട്ടു. അതിൽ 14 ദ്വീപുകളും 116 നഗരങ്ങളും ഉൾപ്പെടുന്നു. വ്യത്യസ്തമായ യാത്രകളോടാണ് കക്ഷിക്കു പ്രിയം. സൈക്കിൾ മുതൽ വിമാനം വരെ 16 തരം വാഹനത്തിലായാണ് 55,000 കിലോമീറ്റർ പിന്നിട്ടത്. എങ്ങനെ വേണമെങ്കിലും ചുറ്റിയടിക്കാൻ ചപ്പാത്തി റെഡിയാണെന്ന് ചുരുക്കം.

കറങ്ങി നടന്നതിന് ഈയിടെ രണ്ട് റെക്കോഡുകളും ചപ്പാത്തിയുടെ പേരിലായി. ഏറ്റവും കൂടുതൽ സഞ്ചാരം നടത്തിയ നായ എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെയും നാഷണൽ രജിസ്റ്റർ ഓഫ് യുക്രൈന്റെയും ബഹുമതികൾ. ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ ഈ കൊച്ചിക്കാരൻ തീരുമാനിച്ചിട്ടില്ല. അടുത്ത കാഴ്ചകൾക്കായി ക്രിസ്റ്റീനയ്ക്കും യൂജിനുമൊപ്പം ചേർന്നിരിക്കുകയാണ് ചപ്പാത്തി.

Content highlights :a dog named chapati travelling around th world places like hungry and italy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..