ടുവില്‍: സൗരവലയം (സോളാര്‍ ഹാലോ) എന്നറിയപ്പെടുന്ന പ്രതിഭാസം ബുധനാഴ്ച മലയോരമേഖലയില്‍ ദൃശ്യമായി. സൂര്യനുചുറ്റും മഴവില്‍ വലയങ്ങളും വര്‍ണവെളിച്ചങ്ങളും തെളിയുന്നതാണ് ഇത്. ആലക്കോട്, നടുവില്‍, ഏരുവേശ്ശി, ഉദയഗിരി പ്രദേശങ്ങളില്‍ മിനിട്ടുകളോളം നീണ്ടു. ഉച്ചയ്ക്ക് 12.10 മുതലാണ് ആകാശത്തില്‍ വിസ്മയക്കാഴ്ച തെളിഞ്ഞത്. സൂര്യരശ്മികള്‍ മേഘങ്ങളിലെ ഐസ് കണങ്ങളില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യതിചലനമാണ് മഴവില്‍ വലയം എന്നും അറിയപ്പെടുന്ന ഇതിന് കാരണം. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് ക്രമാതീതമായി ഉയരുമ്പോഴാണ് ഇതുണ്ടാകുന്നത്. 

സൂര്യനുചുറ്റും മാത്രമല്ല, ചന്ദ്രനുചുറ്റും ഇങ്ങനെ കാണാറുണ്ട്. ചന്ദ്രനെ അപേക്ഷിച്ച് താരതമ്യേന അപൂര്‍വമായാണ് സൂര്യനുചുറ്റുമുള്ള വലയങ്ങള്‍. പലരൂപത്തിലുള്ള സൗരവലയം ഉണ്ടാവാറുണ്ട്. ബുധനാഴ്ച വൃത്താകൃതിയില്‍ രൂപപ്പെട്ടതിന് 22 ഡിഗ്രി ഹാലോ എന്നാണ് പറയുക. മേഘങ്ങളിലെ ദശലക്ഷക്കണക്കിന് ഐസ് പരലുകളില്‍ തട്ടിയാണ് സൂര്യപ്രകാശം പ്രതിഫലിക്കുന്നത്. തുടര്‍ന്ന് ഗതിമാറ്റം സംഭവിക്കുന്നു. കുറച്ചു മിനിട്ടുകള്‍ മാത്രമേ നീണ്ടുനില്‍ക്കൂ. മൊബൈല്‍ ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനും കുട്ടികളും യുവാക്കളും മത്സരിക്കുകയായിരുന്നു.

Content highlights : a curious phenomenon solar halo in hill areas kerala