വിഷ്ണു വിനോദ് ഇലക്ട്രിക് സൈക്കിളുമായി
ഹരിപ്പാട്: ലോക്ഡൗണ്‍ കാലത്ത് ഏഴാംക്ലാസുകാരന്‍ വിഷ്ണു വിനോദ് തന്റെ സൈക്കിളൊന്നു പരിഷ്കരിച്ചു. ചവിട്ടുന്നതിനുപകരം വൈദ്യുതിയില്‍ ഓടുന്നതാക്കി മാറ്റി. പഴയ രണ്ട് ബാറ്ററികള്‍ ഇരുമ്പുപെട്ടിയിലാക്കി സൈക്കിളില്‍ പിടിപ്പിച്ചാണ് വിഷ്ണു പണിതുടങ്ങിയത്. പിന്നാലെ ഇലക്ട്രിക്മോട്ടോറും ചാര്‍ജ് ചെയ്യാനും സ്വിച്ചിട്ടാല്‍ സൈക്കിള്‍ ഓടിത്തുടങ്ങാനുമുള്ള സംവിധാനങ്ങളും ഒരുക്കി.
സാധാരണപോലെ ബ്രേക്ക് പിടിച്ചാല്‍ സൈക്കിള്‍ നില്ക്കും. വേണമെങ്കില്‍ സ്വിച്ചിട്ടും നിര്‍ത്താം. ഹോണ്‍, ലൈറ്റ് എന്നിവയുമുണ്ട്.എട്ടുമണിക്കൂര്‍ ചാര്‍ജ്ചെയ്താല്‍ 70 കിലോമീറ്റര്‍വരെ സുഖമായി ഓടിച്ചുനടക്കാം. 30 കിലോമീറ്റര്‍ വേഗവും കിട്ടും. വീടിനടുത്തുള്ള റോഡിലെ കുത്തനെയുള്ള കയറ്റം പലപ്രാവശ്യം കയറിയിറങ്ങി സൈക്കിളിന്റെ കരുത്തും ഈ കുട്ടിശാസ്ത്രജ്ഞന് തെളിയിച്ചുകഴിഞ്ഞു.
പള്ളിപ്പാട് വെട്ടുവേനി മണിമംഗലത്ത് കിഴക്കതില്‍ ശിവശക്തിയില്‍ വിനോദ്ബാബു- പ്രിയ ദമ്പതിമാരുടെ മകനാണ് വിഷ്ണു വിനോദ്. നങ്ങ്യാര്‍കുളങ്ങര എസ്.എന്‍.ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥിയായ വിഷ്ണു രണ്ടുവര്‍ഷം മുന്പുവാങ്ങിയ സൈക്കിളാണ് പരിഷ്കരിച്ചത്. മോട്ടോറും കണ്ട്രോള് യൂണിറ്റും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഓണ്ലൈനില്നിന്നാണു വാങ്ങിയത്. വീടിനടുത്തുള്ള വര്‍ക്ക്ഷോപ്പുകാരുടെ സഹായത്തോടെ ബാറ്ററിയും മോട്ടോറും കണ്ട്രോള് യൂണിറ്റും സൂക്ഷിക്കാനുള്ള പെട്ടി തയ്യാറാക്കി. സാധനങ്ങള്‍ക്കുമാത്രം 9,000 രൂപയോളം ചെലവായി. കഴിഞ്ഞദിവസമാണ് സൈക്കിള്‍ നിരത്തില്‍ ഓടിക്കാന്‍ കഴിയുന്ന വിധത്തിലായത്.
കേടാകുന്ന വൈദ്യുതി ഉപകരണങ്ങള്‍ നന്നാക്കിയെടുക്കുന്നതാണ് വിഷ്ണുവിന്റെ ഇഷ്ടവിനോദം. എമര്‍ജന്‍സികള്‍, കേബിള്‍ ടി.വി.യുടെ സെറ്റ്ടോപ്പ് ബോക്സുകള്‍ തുടങ്ങിയവ ഇങ്ങനെ നന്നാക്കും. വൈദ്യുതിസൈക്കിള് സ്വന്തമായെങ്കിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ദൂരേക്ക് ഓടിച്ചുപോകാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണു വിഷ്ണു. ആക്രിസാധനങ്ങള്‍ ഉപയോഗിച്ച് ബൈക്ക് നിര്‍മിച്ച ചക്കിട്ടയില്‍ രാഹുല്‍ രമേശിന്റെ സഹായത്തോടെയാണ് വിഷ്ണു മോട്ടോറും സ്റ്റാര്‍ട്ടറും മറ്റും സൈക്കിളില്‍ ഘടിപ്പിച്ചത്.
ലക്ഷ്യം വൈദ്യുതി കാര്‍
വൈദ്യുതി കാര്‍ നിര്മിച്ചിറക്കുകയാണ് തന്റെ ലക്ഷ്യമെന്നു വിഷ്ണു വിനോദ് പറയുന്നു. അതിന് ഏറെ പണച്ചെലവുണ്ട്. സൈക്കിളിലെ പരീക്ഷണം കാറിലേക്കുള്ള യാത്രയുടെ ഭാഗമാണ്. അടുത്തപടിയായി സ്കൂട്ടറില്‍ പരീക്ഷണം നടത്താണ് ആഗ്രഹം.
Content highlights : 7th standard student vishnu built his own electric bicycle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..