ചെറിയ പ്രായത്തിലേ അസാധാരണമായ പ്രകടനങ്ങള്‍ കാഴ്ചവെച്ച് നമ്മെ അത്ഭുതപ്പെടുത്തുന്ന കുട്ടികളുണ്ട്. ബുദ്ധിശക്തിയുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ല ഇന്ത്യയിലെ കുട്ടികളെന്നും തെളിയിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ദയാല്‍ കൗര്‍ എന്ന നാലുവയസുകാരി തന്റെ ഐ.ക്യു. (Inteligence quotient ) ലെവല്‍ കൊണ്ട് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ദയാലിന്റെ ഐ.ക്യു. ലെവല്‍ 142 ആണ്. ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ഐ.ക്യു 160. ഐന്‍സ്റ്റീന്റെ ഐ.ക്യു. സ്‌കോറുമായി വെറും 18 പോയിന്റ് വ്യത്യാസം. ഇതോടെ ദയാലിന് 'കുട്ടി ഐന്‍സ്റ്റീന്‍' എന്ന വിശേഷണവും ലഭിച്ചു. 

ദയാലിന്റെ പ്രായം വെറും നാല് വയസ്സ് എന്നതാണ് എല്ലാവരേയും ഞെട്ടിച്ചത്. യു.കെ.യിലെ ബര്‍മിംഗ്ഹാമിലാണ് ഇന്ത്യന്‍ വംശജയായ ഈ നാലു വയസുകാരി താമസിക്കുന്നത്. ഐ.ക്യു. ലെവല്‍ എത്രയെന്ന് പരിശോധിക്കുന്ന മെന്‍സ ടെസ്റ്റിലൂടെയാണ് ദയാലിന്റെ ബുദ്ധിശക്തി അളന്നത്. തുടക്കത്തിലേ അസാമാന്യ പ്രകടനങ്ങള്‍ കാഴ്ച വെക്കുന്നതില്‍ മിടുക്കിയായിരുന്നു ദയാല്‍ എന്ന് അച്ഛന്‍ സര്‍ബ്ജിത്ത് സിംഗ് പറയുന്നു. 14 മാസം പ്രായമാകുമ്പോഴേക്കും അവള്‍ ഇംഗ്ലീഷ് അക്ഷരമാല മുഴുവന്‍ മനസിലാക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ചുവെന്ന് അദ്ദേഹം പറയുന്നു. 

ഉയര്‍ന്ന ഐ.ക്യു. ലെവല്‍ ഉള്ള കുട്ടികളുടെ ഗ്രൂപ്പായ എലൈറ്റ് മെന്‍സ മെമ്പര്‍ഷിപ്പ് ക്ലബ് ഓഫ് ചില്‍ഡ്രന്‍ യു.കെ.യിലും ദയാല്‍ അംഗമായി. വിദ്യാഭ്യാസ സംവിധാനത്തിനുള്ളിലെ ഇന്റലിജന്‍സ് പ്രോഗ്രാമിലേക്കും ദയാലിന്റെ സേവനം പ്രധാനമാണെന്ന് ബ്രിട്ടീഷ് മെന്‍സയുടെ അധികൃതര്‍ അഭിപ്രായപ്പെടുന്നു. ദയാലിന്റെ കഴിവ് എപ്പോഴും കുടുംബാംഗങ്ങളുടെ ശ്രദ്ധനേടുന്നതായിരുന്നു.രണ്ട് വയസുള്ളപ്പോള്‍ സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളുടെയും പേരുകള്‍ ഈ മിടുക്കി മനഃപാഠമാക്കിയിരുന്നു. മകളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സന്തോഷവാനാണ് താനെന്ന് ദയാലിന്റെ അച്ഛന്‍ പറയുന്നു.

Content highlights : 4 years old girl dayaal kaur scored iq level 142 and less than albert einstein in 18 points