രാള്‍ക്ക് ഒരേസമയം ഇരുകൈകള്‍കൊണ്ടും എഴുതുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍, അങ്ങനെ എഴുതിയും വരച്ചും അപൂര്‍വ നേട്ടത്തിന് ഉടമായിരിക്കുകയാണ് ഷാര്‍ജയില്‍ ഒരു കൊച്ചുമിടുക്കി. അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരി അല്‍വിയ ലിജോ മറിയം ആണ് ഒരേസമയം ഇരുകൈകള്‍കൊണ്ടും നാലുഭാഷകളിലുള്ള അക്ഷരങ്ങളെഴുതിയും വരച്ചും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ് എന്നിവയില്‍ ഇടംനേടി ശ്രദ്ധേയയായത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി വി.എസ്. ലിജോയുടെയും ബിന്‍സിയുടെയും മകളാണ് അല്‍വിയ. ഇരുവരും നഴ്സായി ജോലിചെയ്യുന്നു.

ഇംഗ്‌ളീഷിലാണ് ആദ്യം എഴുതിത്തുടങ്ങിയത്. പിന്നീട് അറബിക് അക്ഷരങ്ങളും പഠിച്ചു. മലയാളം, ഹിന്ദി എന്നിവ മാതാപിതാക്കളുടെ സഹായത്തില്‍ പഠിച്ചെടുത്തു. കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് പുസ്തകങ്ങളെല്ലാം അല്‍വിയ അനായാസം വായിച്ചുതീര്‍ക്കും. വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും അപ്പോള്‍ത്തന്നെ ചുമരിലോ കടലാസിലോ വരച്ചുവെക്കും. ഷാര്‍ജയിലെ ഇവരുടെ വീട്ടുചുമരുകളിലെല്ലാം കൊച്ചുകൈകള്‍കൊണ്ട് വരച്ച ചിത്രങ്ങള്‍ കാണാം. ഇതിനകം മുന്നൂറിലേറെ ഇംഗ്‌ളീഷ് പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തു. വായനയും വരയും ലോകമറിയാന്‍ 'അല്‍വിയാസ് വണ്ടര്‍വേള്‍ഡ്' എന്ന യൂട്യൂബ് ചാനലും ഈ കൊച്ചുമിടുക്കി തയ്യാറാക്കിയിട്ടുണ്ട്.

alvia

രണ്ടരവയസ്സുമുതല്‍ മകള്‍ വായനയില്‍ താത്പര്യം കാണിച്ചിരുന്നതായി ലിജോയും ബിന്‍സിയും പറയുന്നു. ആദ്യം കുഞ്ഞുകഥകള്‍ വായിച്ചുകൊടുക്കാനായിരുന്നു ആവശ്യം. കഥ കേട്ടില്ലെങ്കില്‍ ഉറങ്ങില്ലെന്ന ശീലം തുടങ്ങി. അങ്ങനെയാണ് അമ്മ ബിന്‍സി വായിക്കാന്‍ പഠിപ്പിച്ചത്. ദിവസം 20 ഇരുപതോളം കുഞ്ഞുപുസ്തകങ്ങള്‍ അല്‍വിയ വായിച്ചുതീര്‍ക്കും. ഷാര്‍ജ ലൈബ്രറിയില്‍നിന്ന് കൂടാതെ ഓണ്‍ലൈനില്‍ വാങ്ങിയുമാണ് പുസ്തകങ്ങളെത്തിക്കുന്നത്.

ഞായറാഴ്ചയാണ് ഡല്‍ഹിയില്‍നിന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് അല്‍വിയയുടെ കൈയിലെത്തിയത്. ഇന്റര്‍നാഷണല്‍ റെക്കോഡും എത്താന്‍ കാത്തിരിക്കുകയാണ് അല്‍വിയ. എയ്ബല്‍, എബിയല്‍ എന്നീ രണ്ട് അനുജന്മാരും അല്‍വിയയ്ക്കുണ്ട്.

Content highlights : 1st standard student alvia lijo mariam breaks records in writing and drawing simultaneously