സ്ക്രീം സ്റ്റിക്കുകൾ ഉപയോഗിച്ച് പലതരം ക്രാഫ്റ്റുകൾ നിർമിക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ പന്ത്രണ്ടുകാരനായ എറിക് ക്ലാബെൽ സ്റ്റിക്കുകൾ വെച്ച് നിർമിച്ചത് ഒരു ടവർ ആണ്. അതും 20 അടി (6.157 മീറ്റർ) നീളമുള്ള ടവർ. ഒപ്പം ലോകറെക്കോർഡും സ്വന്തമാക്കി ഈ മിടുക്കൻ.

അച്ഛൻ നിർമിക്കുന്ന പല പ്രൊജക്റ്റുകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ക്ലാബെൽ ടവർ നിർമിക്കാൻ തുടങ്ങിയത്. ഒഴിവുസമയങ്ങളിൽ അവൻ ടവർ നിർമാണത്തിൽ മുഴുകി. അങ്ങനെ ലോകത്തിലെ ഏറ്റവും നീളമുള്ള ഐസ്ക്രീം സ്റ്റിക് ടവർ രൂപമെടുത്തു. 1750 ഐസ്ക്രീം സ്റ്റിക്കുകൾ വേണ്ടി വന്നു ടവറിന്റെ നിർമാണത്തിന്.

ഓരോ സ്റ്റിക്കും കൃത്യമായി ചേർത്ത് പശ ഉപയോഗിച്ച് ഒട്ടിച്ചാണ് ടവറിന്റെ നിർമാണം പൂർത്തിയാക്കിയത്. ഏതാണ്ട് ഒരു മാസമെടുത്താണ് ക്ലാബെൽ ടവറിന്റെ പണി പൂർത്തിയാക്കിയത്. ടവറിന്റെ ഘടനയും ഒപ്പം ഉയരവും തന്നെയായിരുന്നു ഏറ്റവും പ്രയാസമേറിയതെന്ന് ക്ലാബെൽ പറയുന്നു. മുമ്പ് ഇത്തരം നിർമിതികളിൽ ഗിന്നസ് റെക്കോർഡ് നേടിയ മാതൃകകളെല്ലാം ക്ലാബെൽ കണ്ട് മനസിലാക്കിയിരുന്നു. അതെല്ലാം കണ്ടാണ് ഈ പന്ത്രണ്ടുകാരന് റെക്കോർഡ് സ്വന്തമാക്കിയാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടായത്. നന്നായി പ്രയത്നിച്ച് റെക്കോർഡ് സ്വന്തമാക്കിയപ്പോൾ വളരെയധികം സന്തോഷമുണ്ടായെന്നും പറയുന്നു ക്ലാബെൽ. അമേരിക്കയിലെ ഇല്ലിനോയ്സിൽ ക്ലാബെൽ താമസിക്കുന്നത്.

Content highlights :12 years old us boy eric klabel constructs popsicle stick tower get world records