ണ്ണുള്ളവര്‍ കാണുന്നതിലധികം ഉള്‍ക്കാഴ്ചയുള്ളവരാണ് കാഴ്ച നഷ്ടപ്പെട്ടവര്‍. ജീവിതത്തില്‍ നഷ്ടമായ വര്‍ണലോകത്തെ ജീവിതവിജയങ്ങളിലൂടെ തിരിച്ചുപിടിച്ച ഒട്ടേറെപ്പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരില്‍ രണ്ടുപേരെ കൂട്ടുകാര്‍ക്കായി പരിചയപ്പെടുത്താം.

കടലിനടിയില്‍ ചരിത്രം രചിച്ചവര്‍

അത്യന്തം കാഠിന്യം നിറഞ്ഞ മേഖലയാണ് സമുദ്രശാസ്ത്ര ഗവേഷണമേഖല. ആഗ്രഹത്തോടെ പഠിച്ച്, പ്രയത്‌നിച്ച് സമുദ്രശാസ്ത്ര ലോകത്തെത്തിയിട്ട് പിന്നീട് ശാരീരികമായി വെല്ലുവിളി നേരിടേണ്ടി വന്ന രണ്ടുപേരുണ്ട്. ആമി ബോവര്‍, ബ്രിറ്റ് റോബന്‍ഹെയ്മര്‍. ഓര്‍ക്കാപ്പുറത്ത് കാലിനടിയിലെ മണ്ണ് ഊര്‍ന്നു പോയപ്പോള്‍ ധീരമായി പടപൊരുതി കടലിനടിയിലേക്ക് മുങ്ങാംകുഴിയിട്ട് ശാസ്ത്രരത്‌നങ്ങളായി ഉയര്‍ന്നുപൊങ്ങിയ രണ്ടു വനിതകളാണിവര്‍.

ആമി ബോവര്‍

സമുദ്രഗവേഷണത്തിന് പേരുകേട്ട മാസച്യുസെറ്റ്‌സിലുള്ള വുഡ്‌സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (WHOI) ഫിസിക്കല്‍ ഓഷ്യാനോഗ്രഫി വിഭാഗത്തില്‍ സീനിയര്‍ സയന്റിസ്റ്റാണ് ആമി ബോവര്‍. ബോവറിന്റെ ഓഫീസ് ജനാലകള്‍ പ്രശാന്തമായ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കാണ് തുറക്കുന്നത്. എന്നാല്‍, രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു അവരുടെ കാഴ്ച മങ്ങിത്തുടങ്ങിയിട്ട്. ടഫ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സ് പഠനകാലത്താണ് ആദ്യമായി തന്റെ കാഴ്ചയ്ക്ക് കാര്യമായി എന്തോ തകരാറു സംഭവിക്കുന്നുണ്ടെന്ന് ബോവറിന് തോന്നിയത്. പയ്യെപ്പയ്യെ വെളിച്ചത്തിന്റെയും നിറങ്ങളുടെയും ലോകം അവളില്‍നിന്ന് മാഞ്ഞുതുടങ്ങി. റെറ്റിനയുടെ കോശങ്ങള്‍ താനേ നശിച്ചുപോകുന്ന അത്യപൂര്‍വമായ ഒരു ജനിതകവൈകല്യം ആയിരുന്നു അവരെ ബാധിച്ചിരുന്നത്. റെറ്റിനൈറ്റിസ് പിഗ്മെന്റോസ (Retinitis Pigmentosa) എന്നറിയപ്പെടുന്ന എന്ന ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.

കടല്‍ എന്നും പ്രിയം

കരയെക്കാള്‍ ബോവറിന് താത്പര്യം തിരമാലകളോടായിരുന്നു. ടഫ്‌സില്‍ പഠിക്കുമ്പോള്‍ അവിടത്തെ സെയിലിങ് ടീമംഗമായിരുന്നു അവര്‍. ഒരു തനത് സമുദ്രഗവേഷക ചെയ്യുന്ന എല്ലാ കാര്യങ്ങളും തന്മയത്വത്തോടെ ചെയ്യാന്‍ ബോവറിന് സാധിച്ചിരുന്നു.

സമുദ്രയാത്രകളില്‍ റിസര്‍ച്ച് ഷിപ്പ് ചീഫ് സയന്റിസ്റ്റായ ബോവറിന് ഷിപ്പിന്റെ ക്യാപ്റ്റനോളം തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരമുണ്ട്. ഉപരിതലത്തില്‍നിന്ന് ആറായിരത്തോളം അടി താഴ്ചയിലുള്ള സമുദ്ര പ്രവാഹങ്ങള്‍ (Water Currents) ആണ് ആമി ബോവറിന്റെ ഇഷ്ടഗവേഷണ വിഷയം. 2007ല്‍ കാഴ്ചപരിമിതിയുള്ള കുട്ടികളുടെ ശാസ്ത്ര ഉന്നമനത്തിനായി 'പെര്‍ക്കിന്‍സ് സ്‌കൂള്‍ ഓഫ് ബ്ലൈന്‍ഡു'മായി ചേര്‍ന്ന് 'ഓഷ്യന്‍ ഇന്‍സൈറ്റ്' എന്ന പേരില്‍ ഒരു പദ്ധതി ബോവര്‍ ആവിഷ്‌കരിച്ചു. 

പരിമിതികളുള്ള കുട്ടികള്‍ക്ക് ശാസ്ത്ര രംഗത്തേക്ക് ചേക്കേറാന്‍ പ്രചോദനം കിട്ടണമെങ്കില്‍ വെല്ലുവിളികളെ അതിജീവിച്ചവരെ അവര്‍ നേരിട്ടറിയണം എന്നാണ് ബോവറിന്റെ പക്ഷം. കാഴ്ചയില്ലാത്ത അവസ്ഥയില്‍ ജീവിതം തീര്‍ന്നു എന്ന ഘട്ടത്തില്‍ നിന്നാണ് ഫീനിക്‌സ് പക്ഷിയെപ്പോലെ ആമി ബോവര്‍ പറന്നുയര്‍ന്ന് കടലില്‍ നീന്തിത്തുടിക്കുന്നത്. ഇന്ന് WHOI യിലെ ഒരു ലാബിന് ഈ മഹതിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ആമി ബോവര്‍ ലാബ്.

ഡോ. ബ്രിറ്റ് റോബന്‍ഹെയ്മര്‍

ബോവറിന് തന്റെ കാഴ്ച കൈയില്‍നിന്ന് വഴുതിപ്പോകുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ സാവകാശം ലഭിച്ചെങ്കില്‍ ഒറ്റയടിക്ക് കാഴ്ചയുടെ മനോഹര ലോകത്തുനിന്ന് യാത്രയാകേണ്ടി വന്നയാളാണ് ഡോക്ടര്‍ ബ്രിറ്റ് റോബന്‍ഹെയ്മര്‍. WHOIയിലെത്തന്നെ അപ്ലൈഡ് ഓഷ്യന്‍ ഫിസിക്‌സ് ആന്‍ഡ് എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ സയന്റിസ്റ്റാണ് റോബന്‍ഹെയ്മര്‍. റെറ്റിനയില്‍ പതിക്കുന്ന ഇമേജിനെ തലച്ചോറിലേക്ക് നയിക്കുന്ന ഒപ്റ്റിക് നെര്‍വിന് രക്തചംക്രമണത്തില്‍ വരുന്ന കുറവുകൊണ്ട് കേടുപാടുകള്‍ സംഭവിക്കാം. ഒപ്റ്റിക് നെര്‍വ് അട്രോഫി (Optic Nerve atrophy) എന്ന ഈ രോഗമാണ് ബ്രിറ്റ് റോബന്‍ഹെയ്മറിന്. പക്ഷേ, നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും അതീവ ഗവേഷണത്വരയും കൊണ്ട് അവര്‍ തന്റെ പരിമിതിയെ അതിജീവിക്കുന്നു. വേലിത്തിര, തിരമാലകള്‍, കാറ്റ്, ചുഴലിക്കാറ്റ് എന്നീ മേഖലകളില്‍ സജീവമായി ഇവര്‍ ഗവേഷണം നടത്തുന്നു. വിദഗ്ധപരിശീലനം ലഭിച്ച ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ഹഗ്ഗര്‍ എന്ന് ഓമനപ്പേരുള്ള നായയാണ് ഇവരുടെ കണ്ണും കാവലാളും.

പ്രമേയം

ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ അത്യന്താപേക്ഷിതമാണ്. ആ കൈത്താങ്ങ് പരസ്പരം നല്‍കുന്നുണ്ടെന്ന് നാം ഓരോരുത്തരും സ്വയം ഉറപ്പുവരുത്തണം. പ്രതീക്ഷയുടെ ഉള്‍ക്കാഴ്ച (Hope Insight) എന്ന ഇത്തവണത്തെ അന്താരാഷ്ട്ര കാഴ്ചദിനപ്രമേയം ജീവിതം കൊണ്ട് അന്വര്‍ഥമാക്കിയ ഒട്ടേറെപ്പേര്‍ നമുക്ക് ചുറ്റുമുണ്ട്. ആമി ബോവറിനെയും ബ്രിറ്റ് റോബന്‍ഹെയ്മറിനെയും പോലുള്ളവര്‍ ഉയരാന്‍ കൊതിക്കുന്നവര്‍ക്ക് സകല തടസ്സങ്ങളെയും തകര്‍ത്ത് മുന്നേറാന്‍ ഉള്‍ക്കണ്ണിലെ പ്രത്യാശയും അണയാത്ത പ്രകാശവുമായിത്തീരട്ടെ.

(സമുദ്രശാസ്ത്ര ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖിക)

Content Highlights: World sight day, story of two personalities who overcome their limitation