റോസാപ്പൂവെന്നാൽ എല്ലാവർക്കും പ്രണയമാണ്. എന്നാൽ, രണ്ടുവ്യക്തികൾ തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടിരിക്കുന്നതല്ല ഈ ദിനം. അതിനെക്കാളേറെ മഹത്തരമായ മറ്റൊരു പ്രണയത്തെ, അതിലെ വേദനയെ കുറിക്കുന്നതാണ് ഈ ദിവസം. ജീവിതത്തോടുള്ള പ്രണയമാണത്. കാൻസർ രോഗികളോടുള്ള സ്നേഹവും കരുതലും പങ്കുവെക്കുന്ന, അവർക്ക് കരുത്തുപകരാൻ ഉദ്ദേശിച്ചുകൊണ്ട് ആചരിക്കുന്ന ദിനം.

അറിയുമോ മെലിൻഡയെ

ലോക റോസാപ്പുഷ്പദിനത്തിൽ നിങ്ങളറിയേണ്ട ഒരു പേരുണ്ട്. മെലിൻഡ റോസ്. കാനഡയിൽ ജീവിച്ചിരുന്ന മെലിൻഡയെന്ന കൊച്ചുമിടുക്കിയുടെ ഓർമയ്ക്കായാണ് ലോക റോസാപ്പൂദിനം ആചരിക്കുന്നത്. ചെറുത്തുനിൽപ്പിന്റെ, എന്നാൽ, വലിയ പ്രത്യാശയുടെ പാഠം പങ്കുവെച്ചാണ് മെലിൻഡ ഈ ലോകത്തോടു വിടപറഞ്ഞത്. 1994-ൽ അസ്കിൻ ട്യൂമറെന്ന അപൂർവ രക്താർബുദം ബാധിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതുമ്പോൾ മെലിൻഡയുടെ പ്രായം വെറും 12 വയസ്സ്.

രണ്ടാഴ്ചയിൽ കൂടുതൽ അവൾക്ക് അതിജീവിക്കാനാവില്ലെന്ന് ഡോക്ടർമാർ കൈമലർത്തി. പക്ഷേ, ജീവിതം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിൽ അവസാനശ്വാസം വരെ അവൾ പൊരുതി. തനിക്കു ചുറ്റുമുണ്ടായിരുന്ന മറ്റു രോഗികൾക്കും തന്റെ ശുഭാപ്തിവിശ്വാസം പകർന്നുനൽകി. അവർക്കായി കവിതകളും കത്തുകളുമെഴുതി. ജീവിച്ചിരിക്കുന്ന അത്രയും കാലം സന്തോഷത്തോടെയിരിക്കാൻ ഓരോരുത്തർക്കും കരുത്തുനൽകി.

രണ്ടാഴ്ചയെന്ന ഡോക്ടർമാരുടെ മുൻവിധികളെ തിരുത്തിയെഴുതി ആറുമാസത്തോളം അവൾ ജീവിച്ചു. ഒടുവിൽ 1994 സെപ്റ്റംബർ 22-ന് മരണത്തിനു കീഴടങ്ങി, ചുണ്ടിൽ ആ ചെറുപുഞ്ചിരി ഒളിപ്പിച്ചു തന്നെ.

ഉണർവോടെ നേരിടാം

കാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ഒട്ടേറെ പരിപാടികൾ ഈ ദിവസം സംഘടിപ്പിക്കാറുണ്ട്. കാൻസർ രോഗികൾക്ക് റോസാപുഷ്പങ്ങളും ആശംസാകാർഡുകളും സമ്മാനിക്കും. കാൻസറിനെതിരേ ഓരോ ദിവസവും പുത്തൻ ഉണർവോടെ പോരാടാനാകട്ടെ എന്ന പ്രത്യാശയാണ് ആ റോസാപുഷ്പങ്ങളിലൂടെ നാം പങ്കുവെക്കുന്നത്.

അർബുദം എന്നാൽ

ശരീരകോശങ്ങൾ അമിതമായി വിഭജിക്കുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കാൻസർ അഥവാ അർബുദം. ഫെബ്രുവരി നാലാണ് ലോക അർബുദദിനമായി ആചരിക്കുന്നത്.

ഏതാണ്ട് 200-ലേറെ തരം കാൻസറുകളുണ്ടെന്നാണ് കണക്ക്. ശ്വാസകോശാർബുദം, സ്തനാർബുദം എന്നിവയാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കാൻസർ രോഗികളിൽ 24 ശതമാനവും ശ്വാസകോശ, സ്തനാർബുദം ബാധിച്ചവരാണ്. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സ്തനാർബുദമാണ്. ആകെ രോഗികളിൽ 25.4 ശതമാനം പേർക്കും സ്തനാർബുദമാണ് ബാധിച്ചിട്ടുള്ളത്.

ലോകത്തെ അർബുദ ബാധിതരുടെ എണ്ണം (2018-ൽ)

* ശ്വാസകോശാർബുദം -29 ലക്ഷം

* സ്തനാർബുദം-29 ലക്ഷം

* മലാശയ അർബുദം-18 ലക്ഷം

* പ്രോസ്റ്റേറ്റ് അർബുദം-12.8 ലക്ഷം

* ത്വക്ക് -14 ലക്ഷം

* വയറിലെ കാൻസർ-13 ലക്ഷം

ഭയം വേണ്ടാ, കരുതൽ മതി

ഈ കണക്കുകൾ കണ്ട് ഭയന്നു പോകണ്ട. ചില മുൻകരുതലെടുത്താൽ മതി. കാൻസർ സാധ്യതയുണ്ടാക്കുന്ന കാരണങ്ങൾ ഒഴിവാക്കിയാൽ 30 മുതൽ 50 ശതമാനംവരെ കാൻസറുകൾ വരാതെ തടയാനാകും. നേരത്തേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാനും കഴിയും.

ഒറ്റനോട്ടത്തിൽ

* ലോകത്ത് ഏറ്റവും കൂടുതൽപ്പേരുടെ മരണത്തിലേക്ക് നയിക്കുന്ന രണ്ടാമത്തെ കാരണം. 2018-ൽ മാത്രം 96 ലക്ഷം പേർ കാൻസർ ബാധിച്ചു മരിച്ചു. ആറിൽ ഒരാളുടെ മരണം കാൻസർ ബാധിച്ച്.

* കാൻസർ മരണങ്ങളുടെ മൂന്നിലൊന്നും അമിതവണ്ണം, പോഷകാഹാരക്കുറവ്, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം എന്നീ കാരണങ്ങളാൽ.

* കാൻസർ മരണങ്ങളിൽ 22 ശതമാനവും പുകവലിയെത്തുടർന്നുള്ള രോഗബാധയാൽ.

ഇവ ശ്രദ്ധിക്കാം

* പുകവലി, മദ്യപാനം ഒഴിവാക്കാം

* അമിതവണ്ണം വേണ്ടാ

* ശരിയായ വ്യായാമം ഉറപ്പാക്കുക

* അൾട്രാ വയലറ്റ് റേഡിയേഷൻ ഏൽക്കാതിരിക്കുക

* മലിനവായു ശ്വസിക്കേണ്ട സാഹചര്യം ഒഴിവാക്കുക

* ഇന്ധനങ്ങൾ കത്തിയുണ്ടാകുന്ന പുക ശ്വസിക്കാതിരിക്കുക

* പച്ചക്കറിയും പഴങ്ങളും ഉൾപ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കാം.

* ഹെപ്പറ്റൈറ്റിസ് ബി, ഹ്യൂമൻ പാപ്പിലോമ എന്നീ വൈറസുകൾക്കെതിരേ പ്രതിരോധ കുത്തിവെപ്പെടുക്കാം.

(അവലംബം: ലോകാരോഗ്യ സംഘടന)

Content Highlights: World rose day, a rose to cancer survivors, vidya