വർഷത്തെ ലോക പ്രകൃതിസംരക്ഷണദിനം കടന്നുവന്നിരിക്കുന്നത് കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ്. വീടുവിട്ടിറങ്ങി ദൂരനാട്ടിലൊന്നും പോവാതെ, സ്കൂളിൽപ്പോലും പോവാതെ വീട്ടിൽ കഴിയുകയാണല്ലോ കൂട്ടുകാരെല്ലാവരും. ഈ സമയം നമുക്ക് നമ്മുടെ ചുറ്റുപാടുകളെ നിരീക്ഷിക്കാം... പഠിക്കാം... സംരക്ഷിക്കാം...

ഹായ് അപ്പൂപ്പൻ താടി

കാറ്റിൽ മുറ്റത്തേക്ക് പറന്നുവന്ന വലിയൊരു അപ്പൂപ്പൻ താടിയുടെ പിന്നാലെ ഓടി അതിനെ പിടിച്ചപ്പോഴാണ് അനുമോളുടെ ശ്രദ്ധയിൽ അതുപെട്ടത്. തൂവെള്ള അപ്പൂപ്പൻ താടിയുടെ താഴെ തവിട്ടുനിറത്തിൽ ഒരു മുത്ത്!

''ഇതാണ് അപ്പൂപ്പൻ താടിയുടെ വിത്ത്. വെള്ളിരോമങ്ങളാണ് കാറ്റിൽപ്പറത്തി ഇതിനെ പലയിടത്ത് എത്തിക്കുന്നത്. ഇതുവീണ് പുതിയ ചെടി വളരും. അതിൽ നിറയെ വീണ്ടും അപ്പൂപ്പൻ താടികളുണ്ടാവും.'' അമ്മ പറഞ്ഞുകൊടുത്തപ്പോൾ തനിക്കും ഒരു അപ്പൂപ്പൻ താടി ചെടി വേണം എന്ന് മോഹിച്ച് അവൾ ആ വിത്ത് ഒരിടത്ത് നട്ടു.

വട്ടക്കാക്കക്കൊടി

വിത്ത് മുളപൊട്ടി പതുക്കെ വള്ളിയായി. അതിന്റെ പേര് വട്ടക്കാക്കക്കൊടിയാണെന്ന് പിന്നീടറിഞ്ഞു. വട്ടക്കാക്കക്കൊടിയെപ്പോലെ വേറെയും ചെടികളിൽ ഇതുപോലെ അപ്പൂപ്പൻമാർ ഉണ്ടാവുമെന്നും അവൾ വായിച്ചറിഞ്ഞു.

അങ്ങനെയിരിക്കെ ഒരു നാൾ ആ ചെടിയുടെ തളിരിലകളിൽ കുറെ പുഴുക്കൾ പ്രത്യക്ഷപ്പെട്ടു. ഈ പുഴുക്കളല്ലാം നാളെ പൂമ്പാറ്റകളാവുെമന്ന് അമ്മ പറഞ്ഞപ്പോൾ അവൾക്ക് സന്തോഷമായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ പച്ചനിറത്തിലുള്ള പ്യൂപ്പകൾ ചെടിയുടെ തണ്ടിലും മറ്റും തൂങ്ങി. എട്ടാംനാളിൽ അവ വിരിഞ്ഞു പുറത്തുവന്നപ്പോൾ അതി സുന്ദരികളായ കരിനീല കടുവ പൂമ്പാറ്റകൾ മുറ്റം നിറയെ പാറിനടന്നു. മഴ മാറിയ സമയത്തെ ഇത്തിരിവെളിച്ചത്തിൽ ചെടിയിലിരുന്ന് അവ വെയിൽ കാഞ്ഞു. പിന്നെ പൂന്തേൻ കുടിക്കാനായി പൂക്കൾക്ക് ചുറ്റും പാറിനടന്നു.

കാണാതാവുന്ന നാടന്മാർ

അനുമോൾക്ക് കടുവ പൂമ്പാറ്റയെ കാണാനായത് യാദൃച്ഛികമായി വന്നുചേർന്ന ഒരു ചെടിയിവിടെ വളർന്നതിനാലാണ്. ഓരോ പൂമ്പാറ്റപ്പുഴുവിനും പ്രത്യേകം പ്രത്യേകം ഇലകൾത്തന്നെ വേണം. ഇതുപോലൊരു ചെടിതേടി അനുമോൾ തൊടിയിൽ ഉടനീളം നടന്നെങ്കിലും ഈ വള്ളിച്ചെടി തന്റെ പരിസരത്തൊന്നുമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു! നമുക്ക് പേരറിയാത്ത, ഭക്ഷണയോഗ്യമല്ലാത്ത, സൗന്ദര്യമില്ലാത്ത ചെടികളെയല്ലാം നാം വീട്ടുവളപ്പിൽനിന്ന് വെട്ടിനശിപ്പിച്ചിരിക്കുന്നു. എന്തുമാത്രം വൈവിധ്യമുണ്ട് നമുക്കുചുറ്റും.

നെൽവയൽ ഇല്ലാതാവുന്നതോടെ ആ വയൽ തീരത്തെ തോടുകളും തോട്ടിൻകരയിലെ കുളങ്ങളും നശിക്കും. അവയെ ആശ്രയിക്കുന്ന പക്ഷികളും വയലോരത്തെ ചെടികളുമെല്ലാം വ്യത്യസ്തമാണ്. ശുദ്ധജലമത്സ്യങ്ങളുടെ വൈവിധ്യം ഇതോടെ കുറയും. അവയ്ക്ക് മുട്ടയിടാനോ പ്രസവിക്കാനോ അനുയോജ്യമായ തോടോ കുളമോ വയലോ ഇല്ലാതാവും.

കാടുമാത്രമല്ല പ്രകൃതി

പ്രകൃതിസംരക്ഷണമെന്നാൽ കാടിന്റെ മാത്രം സംരക്ഷണമല്ല. അവ സംരക്ഷിക്കാൻ നമുക്ക് വലിയ സംവിധാനമുണ്ട്. അതേസമയം, നമുക്ക് ചുറ്റുമുള്ള ഒരുപാട് വൈവിധ്യങ്ങൾ നശിച്ചുപോവുന്നുണ്ട്. അതിനെ നമ്മൾത്തന്നെ സംരക്ഷിക്കണം.

നമ്മൾക്ക് പേരറിയില്ല, ഗുണം അറിയില്ല, ഉപയോഗം അറിയില്ല എന്നത് ഒരു ചെടിയെയോ മരത്തിനേയോ വെട്ടിക്കളയാനുള്ള ന്യായമല്ല. അവയെ ആശ്രയിച്ച് ഒരു പാട് ജീവലോകമുണ്ടെന്ന് നാം തിരിച്ചറിയണം. പ്രകൃതിയെയും അതിലെ സകലതിനെയും സ്നേഹിക്കുന്ന സംരക്ഷിക്കുന്ന ജീവിതരീതികളിലേക്ക് നമുക്കുമാറാം. കിളികളും പൂമ്പാറ്റകളും പൂക്കളും നിറഞ്ഞ ഒരു നാടുതന്നെയാവട്ടെ നമ്മുടേത്.

ഇനി കൂട്ടുകാർ ഒരു മൊബൈൽഫോൺ ക്യാമറ ഉപയോഗിച്ച് വീടിനുചുറ്റുമുള്ള ചിത്രങ്ങൾ എടുത്ത് ഒരു ലിസ്റ്റ് തയ്യാറാക്കി നോക്കൂ, ഒരുമാസത്തെ ആൽബമാക്കിക്കഴിഞ്ഞാൽ ഞാനൊരു കാര്യം പറയാം. അതുവരെ കാത്തിരിക്കൂ!

Content Highlights: World Nature conservation day special article