പ്രാചീനകാലംമുതൽ ലോകത്ത് അടിമത്തം നിലനിന്നിരുന്നു. മെസൊപ്പൊട്ടാമിയയിലും ഗ്രീസിലും റോമിലും അടിമകളുണ്ടായിരുന്നു. അവർ പൊതുവേ യുദ്ധത്തടവുകാരോ, കുറ്റവാളികളോ ആയിരുന്നു. വീടുകളിലും ആരാധനാലയങ്ങളിലും കൃഷിയിടങ്ങളിലും അടിമകളെ ജോലിചെയ്യിച്ചിരുന്നു

അമേരിക്കയിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ളോയ്‌ഡ് കൊലചെയ്യപ്പെട്ടതിനെത്തുടർന്ന്, 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യവുമായി പൊട്ടിപ്പുറപ്പെട്ട സമരങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. അടിമത്തത്തിന്റെ പേരിൽ ഒരു ആഭ്യന്തരയുദ്ധംതന്നെ നടന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയിൽ അടിമത്തം നിരോധിച്ച അബ്രഹാം ലിങ്കൺ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി. ''അടിമത്തം തെറ്റല്ലെങ്കിൽ ലോകത്ത് ഒന്നുംതന്നെ തെറ്റല്ല''.

റോമിൽ

പുരാതന റോമൻ സമൂഹത്തിലെ പ്രധാന വിഭാഗമായിരുന്നു അടിമകൾ. ബി.സി.ഇ. 27 മുതൽ സി.ഇ. 14 വരെയുള്ള കാലത്ത് ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസറിനു കീഴിൽ 30 ലക്ഷം അടിമകളുണ്ടായിരുന്നു. അടിമവ്യാപാരം വിപുലമായ തോതിൽ നടന്നിരുന്നു. അവരുടെ ജീവിതനിലവാരം ദയനീയമായിരുന്നു.

ഗ്ലാഡിയേറ്റർമാർ

പുരാതന റോമിലെ സമ്പന്നരുടെ പ്രധാന വിനോദമായിരുന്നു ഗ്ലാഡിയേറ്റർ മത്സരങ്ങൾ. അടിമകളിൽനിന്ന് തിരഞ്ഞെടുക്കുന്ന പോരാളികളായിരുന്നു ഗ്ലാഡിയേറ്റർമാർ. നല്ല കായികശേഷിയുള്ളവരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി ഗ്ലാഡിയേറ്റർമാരാക്കുകയാണ് ചെയ്തത്. ആംഫി തിയേറ്ററുകളിൽവെച്ച് ഒരാൾ മരിച്ചുവീഴുന്നതുവരെ ഇവർ മല്ലയുദ്ധം നടത്തി. മറ്റു ചിലപ്പോൾ മത്സരം സിംഹവും ഗ്ലാഡിയേറ്റർമാരും തമ്മിലായിരിക്കും. വിശന്നുവലഞ്ഞ സിംഹത്തെ ഗ്ലാഡിയേറ്റർമാർക്ക് മുമ്പിലേക്ക് തുറന്നു വിടുകയായിരുന്നു ചെയ്തത്.

സ്പാർട്ടക്കസിന്റെ കലാപം

ഉടമകളിൽനിന്ന് കടുത്ത പീഡനങ്ങൾ നേരിടേണ്ടിവന്ന അടിമകൾ പലപ്പോഴും കലാപങ്ങൾ നടത്തി. ഇത്തരം കലാപങ്ങളിൽ ഒന്നായിരുന്നു സ്പാർട്ടക്കസിന്റെ കലാപം. ഗ്ലാഡിയേറ്റർ ആയിരുന്ന സ്പാർട്ടക്കസ് 70,000-ത്തോളം അടിമകളെ സംഘടിപ്പിച്ചാണ് കലാപം നടത്തിയത്. വൈസൂവിയസ് പർവതനിരകൾ താവളമാക്കി നടത്തിയ കലാപത്തെ ഒരുവർഷത്തെ പരിശ്രമത്തിന് ശേഷമാണ് അടിച്ചമർത്തിയത്. സ്പാർട്ടക്കസ് വധിക്കപ്പെട്ടു. റോമിലെ സാധാരണക്കാരുടെ മനസ്സിൽ സ്പാർട്ടക്കസ് ഇന്നും ഒരു ഉജ്ജ്വല പോരാളിയാണ്.

യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക

അടിമവ്യാപാരവുമായി ബന്ധപ്പെട്ട മൂന്ന് ഭൂഖണ്ഡങ്ങളാണ് യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവ. 16 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിലാണ് ഈ മൂന്ന് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള അടിമവ്യാപാരം നിലനിന്നത്. ഈ കച്ചവടമാർഗം ഒരു ത്രികോണ രൂപത്തിലായിരുന്നു. യൂറോപ്യന്മാർ അവരുടെ ഉത്‌പന്നങ്ങളുമായി ആഫ്രിക്കയിലെത്തുന്നു, അവ ആഫ്രിക്കയിൽ വിറ്റഴിച്ചശേഷം കിട്ടുന്ന പണംകൊണ്ട് അവിടെനിന്ന് അടിമകളെ വാങ്ങുന്നു. ഇവരെ അമേരിക്കയിലെത്തിച്ച് വിറ്റഴിക്കുന്നു. തുടർന്ന് അമേരിക്കയിൽ നിന്ന് പുകയില, പഞ്ചസാര എന്നിവയുമായി കപ്പലുകൾ യൂറോപ്പിലെത്തുന്നു. ഈ ത്രികോണ കച്ചവടത്തിലൂടെ യൂറോപ്യന്മാർ വൻലാഭം കൊയ്തു.

ആഫ്രിക്കയിൽനിന്ന് അമേരിക്കയിലേക്ക്

15, 16 നൂറ്റാണ്ടുകളിലെ ഭൂമിശാസ്ത്ര പര്യവേക്ഷണങ്ങളും പുതിയ ഭൂഖണ്ഡങ്ങളുടെ കണ്ടെത്തലും അടിമവ്യാപാരത്തെ ശക്തിപ്പെടുത്തി. അമേരിക്കയിലെ കൃഷിയിടങ്ങളിൽ ജോലി ചെയ്യാൻവേണ്ടി ആയിരക്കണക്കിന് അടിമകളെ കപ്പലുകളുടെ അടിത്തട്ടിൽ കുത്തിനിറച്ച് അമേരിക്കയിലെത്തിച്ചു. യാത്രയ്ക്കിടയിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ചിലർ കപ്പലുകളിൽ കലാപം അഴിച്ചുവിട്ടു. അമേരിക്കയിലെ തോട്ടങ്ങളിൽ ജോലിചെയ്തിരുന്ന അടിമകളുടെ ദയനീയ ജീവിതം 'മുതലാളിത്തവും അടിമത്തവും' എന്ന പുസ്തകത്തിൽ എറിക് വില്യം വിവരിക്കുന്നുണ്ട്. മധ്യകാലഘട്ടത്തിൽ ആഫ്രിക്കയിൽനിന്ന് ഡക്കാനിലെത്തിച്ചേർന്ന അടിമകളെ ഹബ്ഷി എന്നാണ് വിളിച്ചിരുന്നത്. എത്യോപ്യ ആയിരുന്നു ഹബ്ഷിയുടെ പ്രധാന കേന്ദ്രം.

ഇന്ത്യയിൽ

ഇന്ത്യയിലും പുരാതനകാലംമുതലേ അടിമകൾ ഉണ്ടായിരുന്നു. ബുദ്ധകൃതികളിലും സംഘകൃതികളിലും അടിമകളെപ്പറ്റി പരാമർശമുണ്ട്. 14-ാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച മൊറോക്കൻ സഞ്ചാരിയായ ഇബ്ൻബത്തൂത്തയുടെ യാത്രവിവരണമായ 'റഹ്ല'യിൽ അടിമകളെയും അടിമവ്യാപാരത്തെയും പറ്റി പറയുന്നുണ്ട്. 1845-ൽ ബ്രിട്ടീഷുകാർ അടിമത്തം നിരോധിച്ചു. 1812-ൽ ഒരു രാജകീയ വിളംബരത്തിലൂടെ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി. റാണി ഗൗരി ലക്ഷ്മിബായി ആയിരുന്നു വിളംബരം പുറപ്പെടുവിച്ചത്. തുടർന്ന് 1860-ൽ മലബാറിലും അടിമത്തം നിർത്തലാക്കി.

അടിമത്തനിരോധനം അമേരിക്കയിൽ

* അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ സംസ്ഥാനങ്ങളിലാണ് അടിമത്തം നിലനിന്നിരുന്നത്. വടക്കൻ സംസ്ഥാനങ്ങൾ അടിമകളെ ആശ്രയിച്ചിരുന്നില്ല. അതിനാൽ അടിമത്തം അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വടക്കൻ സംസ്ഥാനങ്ങളും തെക്കൻ സംസ്ഥാനങ്ങളും തമ്മിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു.

* അടിമത്തം നിരോധിക്കണമെന്ന വാദക്കാരനായിരുന്നു പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കൺ. അദ്ദേഹം ചരിത്ര പ്രസിദ്ധമായ 'വിമോചന വിളംബരപ്രഖ്യാപനം' നടത്തി.

അക്ഷരങ്ങളിൽ

അടിമത്തം ഇതിവൃത്തമാക്കി ധാരാളം കൃതികളും സിനിമകളുമുണ്ട്. ചിലതിനെ പരിചയപ്പെടാം.

* 'റൂട്ട്സ്' - അലക്സ് ഹാലി

* 'എ ബുക്ക് ഓഫ് നൈറ്റ് വുമൺ'- മാർലോൺ ജെയിംസ്

* 'ദ ലോങ് സോങ്' - അൻഡ്രിയലെവി

* 'എ മില്യൺ നൈറ്റിങ്ഗേൽസ്'-സൂസൺ സ്ട്രയിറ്റ്

അഭ്രപാളിയിൽ

* 'അമിസ്റ്റാഡ്' - സ്റ്റീഫൻ സ്പിൽബർഗ്

* 'ഗ്ലാഡിയേറ്റർ' -റിഡ്ലി സ്കോട്ട്

* 'അങ്കിൾ ടോംസ് കാമ്പിൻ' -ഹാരി പൊള്ളാർഡ്

* 'ടമാഗോ' -ജോൺബെറി

Content Highlights: World Day for Slave Trade Abolition, slavery