വിഷുക്കാല ഓർമകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ഗാനം യൂട്യൂബിൽ ഏറെ ശ്രദ്ധനേടുകയാണ്. കൈനീട്ടവും വിഷുക്കണിയും പടക്കങ്ങളുമൊക്ക നിറഞ്ഞ വിഷുക്കാല ഓർമകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണ് 'ഉദയകിരണത്തിൻ ഉത്തരീയമണിഞ്ഞ്' എന്നു തുടങ്ങുന്ന ഗാനം. 13 വയസ്സുകാരൻ ആര്യൻ വാരിയർ ആണ് 'വിഷുക്കണി' എന്ന ആൽബഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൈനീട്ടത്തിനു വേണ്ടി കാത്തിരുന്ന ആ നല്ല കാലത്തിന്റെ ഓർമകളിലേക്ക് കൊണ്ടുപോകുന്ന വരികൾ രചിച്ചത് ശ്രീ ഉണ്ണികൃഷ്ണൻ മീറ്റ്ന ആണ്. ഓർമ്മച്ചെപ്പ് തുറപ്പിക്കുന്ന ചിത്രങ്ങൾ ഒരുക്കിയത് ധന്യ അജിത്, മിട്ടു ആനന്ദ് എന്നിവർ ചേർന്നാണ്.

പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയരുടെ സഹോദരപുത്രനായ ആര്യന് കുട്ടികാലം മുതൽക്ക് സംഗീതോപകരണങ്ങൾ കളിപ്പാട്ടങ്ങളെക്കാൾ പ്രിയമുള്ളതാണ്. 2017 KAWAI PIANO നടത്തിയ രാജ്യാന്തര KJPC പിയാനോ മത്സരത്തിൽ വിജയിച്ചു കൊണ്ടായിരുന്നു ആര്യന്റെ തുടക്കം. അഞ്ച് വയസ്സ് മുതൽ പിയാനോ ആസ്പദമാക്കി പശ്ചാത്തല സംഗീതം അഭ്യസിച്ചു വരുന്നു. പിയാനോ കൂടാതെ വീണ, ഗിറ്റാർ, വയലിൻ എന്നീ ഉപകരണങ്ങളും ആര്യന് ഏറെ പ്രിയമാണ്. കോവിഡ് ബാധയെ തുടർന്ന് പട്ടിണിയിലായ ബാംഗ്ലൂരിലെ 2500ലേറെ ദരിദ്ര കുടുംബങ്ങൾക്ക് നിത്യ ഭക്ഷണവും സഹായവും എത്തിച്ചു കൊടുക്കുന്ന 'സ്വാഭിമാൻ' എന്ന NGO സംഘടനയ്ക്ക് വേണ്ടി 'ലോക സമസ്ത സുഖിനോ ഭവന്തു..' എന്ന് തുടങ്ങുന്ന ആദ്യ ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

aryan warrier
 ആര്യൻ വാരിയർ

ദരിദ്ര കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം എത്തിച്ചു കൊടുക്കാൻ സഹായകമാവുകയും ചെയ്തു. കോവിഡ് ലോക്ഡൗൺ കാരണം സ്വന്തമായി ഓഡിയോ മിക്സിങ് സോഫ്റ്റ്വെയർ പഠിച്ചു തന്നെയാണ് ആര്യൻ കോമ്പോസിങ്ങും പ്രോഗ്രാമിങ്ങും ചെയ്തിരിക്കുന്നത്. ബെംഗളൂരുവിൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ജയദീപ് വാരിയരുടെയും  ശ്രീവിദ്യയുടെയും പുത്രനാണ് ആര്യൻ. Yanny, ഇളയരാജ, എ.ആർ റഹ്മാൻ എന്നിവരാണ് ആര്യന്റെ ഇഷ്ട സംഗീത സംവിധായകർ.

Content highlights :vishu special album song vishukkani composed by thirteen years old aryan varier