കൊറോണ വൈറസ് വ്യാപനം മൂലം അടച്ചിട്ട സ്കൂളുകളും ഓഫീസുകളുമെല്ലാം ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. എത്രയും പെട്ടെന്ന് കാര്യങ്ങളെല്ലാം പൂർവ സ്ഥിതിയിലാകണമെന്നാഗ്രഹിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ സ്കൂൾ തുറക്കണമെന്ന് ആഗ്രഹിക്കുകയേ ചെയ്യാത്ത ചില വിരുതരുണ്ട്. സ്കൂളിലേക്ക് തിരിച്ച് പോകണമെന്ന ചിന്തപോലും അവരെ കരയിപ്പിക്കാറുണ്ട്. അത്തരമൊരു കുരുന്നിന്റെ വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
'ഇനിയെന്തു ചെയ്യും' എന്ന തലക്കെട്ടോടെ മുൻ ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയാണിത്. സ്കൂൾ തുറക്കുന്ന കാര്യം പറയുമ്പോൾത്തന്നെ പൊട്ടിക്കരയുന്ന കുരുന്നിനെ നമുക്ക് വീഡിയോയിൽ കാണാം.
ഒരു സ്ത്രീ പ്രാർഥനയ്ക്കായി കൈയ്യുയർത്തൂവെന്ന് കുട്ടിയോട് ആവശ്യപ്പെടുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അവരുടെ നിർദേശപ്രകാരം കൈയ്യുയർത്തുന്ന കുട്ടിയോട് താൻ പറയുന്ന കാര്യങ്ങൾ ആവർത്തിക്കാൻ അവർ പറയുന്നു. അവർ പറഞ്ഞ ഓരോ വാക്കും ആവർത്തിച്ച കുട്ടി സ്കൂൾ തുറക്കുന്ന കാര്യമെത്തിയപ്പോൾ പൊട്ടിക്കരയാൻ തുടങ്ങി. കരഞ്ഞുകൊണ്ട് സ്കൂൾ തുറക്കണ്ട എന്നവൻ പറയുന്നതും വീഡിയോയിൽ കാണാം.
55,000-ലധികം കാഴ്ചക്കാരും 3,000-ത്തോളം ലൈക്കുകളും ലഭിച്ച വീഡിയോ ഇതിനോടകം തന്നെ ആൾക്കാർ സൈബർലോകം ഏറ്റെടുത്തു കഴിഞ്ഞു. എത്ര നിഷ്കളങ്കമായ പ്രതികരണം, ഞങ്ങൾ സ്കൂളിൽ പോകാൻ ആഗ്രഹിക്കുന്നില്ല, എന്റെ ബാല്യകാലം തുടങ്ങി നിരവധി കമെന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
Content HIghlights: Viral video of kid a crying at the thought of schools reopening